Skip to main content

നിയമസഭാംഗങ്ങൾക്ക് കേരളം മികച്ച സൗകര്യം ഒരുക്കുന്നു:  മുഖ്യമന്ത്രി

*പമ്പ ബ്ലോക്കിലെ ഫൽറ്റുകളുടെ താക്കോൽ കൈമാറി

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി നിയമസഭാംഗങ്ങൾക്ക് മികച്ച സൗകര്യമാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സമൂഹത്തിന്റെ ഇടയിൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്നവരാണ് ഇവിടത്തെ എംഎൽഎമാർ. ജനങ്ങളുമായി അടുത്ത ബന്ധമുള്ള, കാണാൻ എത്തുന്നവരുടെയെല്ലാം പരാതി കേട്ട് പരിഹാരം കാണാൻ ശ്രമിക്കുന്നവരാണ് ഇവരെന്നും മുഖ്യമന്ത്രി പറഞ്ഞു.  നിയമസഭ സാമാജികർക്കായി നിർമിച്ച പമ്പ ബ്ലോക്കിലെ ഫൽറ്റുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

 നിയമസഭാ ഹോസ്റ്റൽ വീട് പോലെയാണ്.  ജീവിതത്തിന്റെയെല്ലാം ഭാഗമായി മാറിയ സ്ഥലമാണിത്. അംഗങ്ങളെ കാണാനെത്തുന്നവരെ സ്വീകരിച്ച് ഇരുത്തി അവരുടെ വിഷമങ്ങളും ആവശ്യങ്ങളും കേൾക്കാനുള്ള ഓഫീസ് സൗകര്യം അനിവാര്യമാണ്. ഇത്തരം സജീകരണങ്ങളെല്ലാം 'പമ്പ' യിൽ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻ നിയസഭ സ്പീക്കർ എൻ ശക്തന് മുഖ്യമന്ത്രി ആദ്യ താക്കോൽ കൈമാറി.

എംഎൽഎമാർക്ക് നൂറു ശതമാനം പാർപ്പിടം ഒരുക്കിയ ആദ്യ സംസ്ഥാനമാണ് കേരളമെന്ന് അധ്യക്ഷ പ്രസംഗത്തിൽ നിയസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാകണം എംഎൽഎമാർ പ്രവർത്തിക്കേണ്ടത്. കക്ഷിരാഷ്ട്രീയത്തിനതീതമായി സ്നേഹത്തിന്റെ നൂൽബന്ധം ഉണ്ടാക്കാൻ എല്ലാവർക്കും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

 നിയസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, പി കെ ബഷീർ, മോൻസ് ജോസഫ്, മുൻ മന്ത്രി കെ രാജൻ, എംഎൽഎമാർ, നിയസഭാ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4498/2026

date