വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ആദ്യ ഇറക്കുമതി കണ്ടെയ്നർ സ്വീകരണം നവംബർ മൂന്നിന്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ ഇറക്കുമതി കണ്ടെയ്നറിന്റെ സ്വീകരണം നവംബർ മൂന്ന് വൈകിട്ട് 5.30 ന് എം വിൻസന്റ് എംഎൽഎ നിർവഹിക്കും. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജെറോമിക് ജോർജ് പങ്കെടുക്കും.
എം.എസ്.സി സബ്രിന 111 കപ്പലിലാണ് ചൈനയിലെ നിങ്ബോയിൽ നിന്ന് ബുക്ക് ചെയ്ത കണ്ടെയ്നർ വിഴിഞ്ഞത്തെത്തുന്നത്. ഇറക്കുമതി സൗകര്യം ആരംഭിക്കുന്നതോടെ ചരക്കുകൾ വിഴിഞ്ഞത്ത് നേരിട്ട് ഇറക്കി കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി സംസ്ഥാനത്തെ വിപണികളിലെത്തിക്കാനാകും. ഇതുവഴി മറ്റ് തുറമുഖങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യവും ചരക്കുനീക്കത്തിനുള്ള സമയവും ചെലവും കുറയും. ചരക്ക് കൈകാര്യം ചെയ്യൽ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ വരുമാനം സംസ്ഥാനത്ത് നിലനിർത്താനും സാധിക്കും.
കസ്റ്റംസ് ബ്രോക്കർമാർ, ഫ്രൈറ്റ് ഫോർവേഡർമാർ, ട്രാൻസ്പോർട്ടർമാർ, വെയർഹൗസ് നടത്തിപ്പുകാർ, തുറമുഖ തൊഴിലാളികൾ തുടങ്ങിയ മേഖലകളിൽ തിരുവനന്തപുരത്തും തെക്കൻ ജില്ലകളിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പുതിയ സൗകര്യം വഴിയൊരുക്കും. ട്രാൻസ്ഷിപ്പ്മെന്റ് പ്രവർത്തനങ്ങൾക്കപ്പുറം കേരളത്തിലെ ഇറക്കുമതിക്കാർക്ക് നേരിട്ട് സേവനം നൽകുന്ന തുറമുഖമെന്ന നിലയിലേക്കുള്ള വിഴിഞ്ഞതിന്റെ സുപ്രധാന ചുവടുവയ്പാണിത്.
പി.എൻ.എക്സ്. 4614/2026
- Log in to post comments