Skip to main content

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മൊബൈൽ ആപ്പിന് വൻ സ്വീകാര്യത; ഡൗൺലോഡുകളുടെ എണ്ണം 11,000 കടന്നു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷന് സംസ്ഥാനത്തെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കുമിടയിൽ വൻ സ്വീകാര്യത. പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം 11,000 കവിഞ്ഞു. ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ മോട്ടോർ തൊഴിലാളികൾക്കും വാഹന ഉടമകൾക്കും സ്മാർട്ട്ഫോൺ വഴി വേഗത്തിലും സുരക്ഷിതമായും സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

തൊഴിലാളികൾക്കും വാഹന ഉടമകൾക്കും ഒരുപോലെ അംശദായം അടയ്ക്കാനുള്ള സൗകര്യം, സുരക്ഷിത ഓൺലൈൻ പേയ്മെന്റ്, രസീതുകൾ തത്സമയം ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം, പൂർണ പേയ്മെന്റ് ഹിസ്റ്ററി തുടങ്ങിയവ ആപ്പിലൂടെ ലഭ്യമാണ്. മൊബൈൽ ആപ്പിനൊപ്പം കെ.എം.ടി.ഡബ്ല്യു.ഡബ്ല്യു.എഫ്.ബി ഔദ്യോഗിക വെബ് പോർട്ടലും (kmtwwfb.kerala.gov.in) പ്രവർത്തനസജ്ജമാണ്. വാഹനങ്ങളുടെയും ജീവനക്കാരുടെയും പുതിയ രജിസ്ട്രേഷൻ നടപടി പൂർണമായും ഓൺലൈൻ സോഫ്റ്റ്‌വെയർ മുഖേനയാണ് നടപ്പാക്കുന്നത്. വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങളും ഓൺലൈനാക്കി മാറ്റിയിട്ടുണ്ട്. തൊഴിലാളികൾക്കുള്ള വിവിധ ക്ഷേമ ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷ സമർപ്പണവും ധനസഹായ വിതരണവും ഉൾപ്പെടെയുള്ള മറ്റ് സേവനങ്ങളും ഘട്ടംഘട്ടമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഔദ്യോഗിക ക്യു.ആർ കോഡ് സ്‌കാൻ ചെയ്തും ആപ്പ് ഡൗൺലോഡ് ചെയ്യാം.

പി.എൻ.എക്‌സ്. 4616/2026

date