Skip to main content

മാരിടൈം മ്യൂസിയവും ഓഷനേറിയവും യാഥാർഥ്യമാക്കാൻ അതിവേഗ നടപടികൾ: കമ്പനി രൂപീകരണത്തിന് മന്ത്രിസഭയുടെ അംഗീകാരം

        സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളായ ഇന്റർനാഷണൽ മാരിടൈം മ്യൂസിയവും ഓഷനേറിയവും യാഥാർഥ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതായി മുഖ്യമന്ത്രി വി ഡി സതീശൻ. ഇതിനായി രൂപീകരിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന്റെ  മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ എന്നിവയുടെ കരടിന് മന്ത്രിസഭ അംഗീകാരം നൽകിയതായും മന്ത്രിസഭാ യോഗത്തിനുശേഷം സെക്രട്ടേറിയറ്റിലെ മീഡിയ റൂമിൽ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. 

        കമ്പനീസ് ആക്ട് സെക്ഷൻ 8 അനുസരിച്ചുള്ള കമ്പനിയാണ് തുടക്കത്തിൽ രൂപീകരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഇതിന്റെ സാമ്പത്തിക മാതൃക തീരുമാനിക്കും. സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവേകുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും ആധുനികമായ ഓഷനേറിയവും കേരളത്തിന്റെ സമ്പന്നമായ കടൽമാർഗ ചരിത്രം വ്യക്തമാക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള മാരിടൈം മ്യൂസിയവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

        ആരോഗ്യ വകുപ്പിലെ തസ്തികകളെക്കുറിച്ച് പഠനം നടത്തി ആവശ്യമായ കുറവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി 28 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 12 ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്-2, 16 കാത്ത്‌ലാബ് ടെക്നീഷ്യൻ ഗ്രേഡ്-2 തസ്തികകളാണ് അനുവദിച്ചത്. കാത്ത്‌ലാബ് ടെക്നീഷ്യൻമാരുടെ കുറവുമൂലം പല ആശുപത്രികളുടെയും പ്രവർത്തനം തടസ്സപ്പെട്ടിരുന്ന സാഹചര്യം കണക്കിലെടുത്താണ്, സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ തസ്തികകൾ അനുവദിച്ചത്.

ചട്ടവിരുദ്ധമായ സ്ഥാനക്കയറ്റം റദ്ദാക്കിയതിനെ തുടർന്ന് ജോലി നഷ്ടപ്പെടുന്ന ഭീഷണിയിലായ 6 പി.എസ്.സി ഉദ്യോഗാർത്ഥികളെ സർവീസിൽ നിലനിർത്താൻ സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിക്കും. കോഴിക്കോട് ജില്ലയിലെ അഞ്ചു പേർക്കും എറണാകുളം ജില്ലയിലെ ഒരാൾക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. മുൻപ് കാറ്റഗറി മാറ്റം വഴി ക്ലർക്ക് തസ്തികയിലേക്ക് നൽകിയ സ്ഥാനക്കയറ്റം കോടതി ഉത്തരവ് പ്രകാരം റദ്ദാക്കി ജീവനക്കാരെ റിവേർട്ട് ചെയ്തതോടെയാണ് പി.എസ്.സി വഴി ടൈപ്പിസ്റ്റ് തസ്തികയിൽ നിയമനം ലഭിച്ച ഇവർക്ക് ജോലി നഷ്ടമാകുന്ന സാഹചര്യം ഉണ്ടായത്.

 പി.എസ്.സി. പരീക്ഷകളിലും നിയമനങ്ങളിലും സ്വന്തക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റിയെന്ന പരാതികളിൽ അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. അർഹരായ ഉദ്യോഗാർഥികളെ മാറ്റിനിർത്തി നടന്ന  ക്രമക്കേടുകളിൽ കുറ്റക്കാരായവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. പി.എസ്.സിയുടെ വിശ്വാസ്യത പൂർണമായും വീണ്ടെടുക്കും. ഗവർണറുടെ ഭരണഘടനാപരമായ ശുപാർശ സർക്കാരുമായി ആലോചിച്ചാകണം. ഗവർണറുടെ ശുപാർശയുടെ മറവിൽ ക്രമക്കേടുകളെ സംരക്ഷിക്കില്ല. 

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ഹിമാചൽ സർക്കാരിന്റെ യൂണിറ്റിന് 14.50 രൂപ നിരക്കിലുള്ള പ്രൊപ്പോസലും, യൂണിറ്റിന് 8.63 മുതൽ 8.90 രൂപ വരെ നിരക്കിലുള്ള ജിഎൻഎ ഓപ്പൺ പ്ലാറ്റ്‌ഫോം പ്രൊപ്പോസലും ലഭ്യമായിരുന്നു. ഹിമാചലിൽ നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയാൽ സർക്കാരിന് 2,232 കോടിയോളം രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുമായിരുന്നു. എന്നാൽ കുറഞ്ഞ നിരക്കിൽ പീക്ക് അവറുകളിൽ കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്ന ജിഎൻഎ  വഴി വൈദ്യുതി വാങ്ങാനാണ് തീരുമാനം എടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പി.എൻ.എക്‌സ്. 4650/2026

 

date