സംസ്ഥാന ആസൂത്രണ ബോർഡ് പ്രഥമ യോഗം അഞ്ചിന്
സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രഥമ യോഗം നവംബർ അഞ്ച് രാവിലെ 11:30 ന് പട്ടം ആസ്ഥാന കാര്യാലയത്തിൽ നടക്കും. 2026 ജൂലൈയിൽ പുനഃസംഘടിപ്പിക്കപ്പെട്ട ബോർഡിന്റെ പൂർണ ആദ്യയോഗമാണ് നടക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ, അംഗങ്ങളായ വ്യവസായവകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ, ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, ജി. വിജയരാഘവൻ, വരുൺ സന്തോഷ്, ഡോ. പി.പി. ബാലൻ, ശ്രീധർ രാധാകൃഷ്ണൻ, ജി.ആർ ഗോകുൽ, മെമ്പർ സെക്രട്ടറി, സ്ഥിരം ക്ഷണിതാക്കളായ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.
പുതുയുഗ കേരളം സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ടുള്ള 15-ാം പഞ്ചവത്സര പദ്ധതിയുടെ കരട് സമീപന രേഖ, പദ്ധതി രൂപീകരണ പ്രക്രിയയുടെ ഭാഗമായി നടക്കുന്ന ജില്ലാതല യോഗങ്ങൾ, വിവിധ വികസന മേഖലകളുമായി ബന്ധപ്പെട്ട വർക്കിങ് ഗ്രൂപ്പുകളുടെ രൂപീകരണം, 2027-28 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണം തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കും. പദ്ധതി രൂപീകരണ-നടത്തിപ്പ് എന്നിവയിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കി വരുന്ന പദ്ധതികൾ, തൊഴിലും വരുമാനവും വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ എന്നിവയോടൊപ്പം യുവജനങ്ങളുടെ അറിവും, കഴിവും, സംരംഭകത്വശേഷിയും പ്രയോജനപ്പെടുത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകളുടെ സംയോജിപ്പിക്കൽ തുടങ്ങിയവ ആസൂത്രണ ബോർഡിന്റെ പരിഗണനയിലുണ്ട്.
പി.എൻ.എക്സ്. 4655/2026
- Log in to post comments