Skip to main content

ശിശുദിനാഘോഷത്തിന് വിപുലമായ പരിപാടികളുമായി വനിതാ ശിശു വികസന വകുപ്പ്

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷം നവംബർ 14 നു തിരുവനന്തപുരം ഡി.പി.ഐ. ജംഗ്ഷനിലെ ജവഹർ സഹകരണ ഭവനിൽ നടക്കും. വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം നിർവഹിക്കും. 2025 ലെ ഉജ്ജ്വലബാല്യ പുരസ്‌കാരത്തിന് അർഹരായ 52 കുട്ടികൾക്കുള്ള പുരസ്‌കാരവിതരണവും നടക്കും. ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നടക്കുന്നതാണ്.

ടോയ് ടു ജോയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും അന്ന് നടക്കും. കുട്ടികൾ തങ്ങളുടെ കളിപ്പാട്ടങ്ങൾ അങ്കണവാടികളിലെ കുട്ടികൾക്ക് പങ്കുവയ്ക്കുന്നതിലൂടെ കരുതലും സാമൂഹിക പ്രതിബദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ വനിതാ-ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ടോയ് ടു ജോയ് (https://toytojoy.wcd.kerala.gov.in). രജിസ്റ്റർ ചെയ്യുമ്പോൾ ജി.പി.എസ്. സഹായത്തോടെ ഏറ്റവും അടുത്തുള്ള അങ്കണവാടി ആപ്പ് നിർദ്ദേശിക്കുന്നു, കളിപ്പാട്ടം കൈമാറുമ്പോൾ അങ്കണവാടി വർക്കർ അംഗീകരിക്കുകയും കുട്ടിക്ക് ക്യു.ആർ. കോഡ് സഹിതമുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യുന്നു.

പി.എൻ.എക്‌സ്. 4778/2026

date