Skip to main content

ശബരിമലയുടെ സുവര്‍ണകാലത്തിന് തുടക്കമാകുന്നു; റോഡ് വികസനത്തില്‍ പുതിയ മാതൃകയെന്ന് ആന്റോ ആന്റണി എം.പി. 

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ മാതൃകയ്ക്ക് തുടക്കമിടാന്‍ സര്‍ക്കാരിന്റെ ഏകോപിത പ്രവര്‍ത്തനങ്ങള്‍ക്കാകുമെന്ന് പത്തനംതിട്ട എം.പി. ആന്റോ ആന്റണി. ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ദേവസ്വം മന്ത്രി പുലര്‍ത്തുന്ന പ്രത്യേക താല്‍പര്യവും നിരന്തര ഇടപെടലുകളും പ്രതീക്ഷ നല്‍കുന്നതാണെന്നും പ്രാപ്തിയും നിശ്ചയദാര്‍ഢ്യവുമുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ ശബരിമലയുടെ സുവര്‍ണകാലത്തിന് തുടക്കമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

 തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിന് മുമ്പ് ഇത്രയും വേഗത്തില്‍ റോഡ് നവീകരണം പൂര്‍ത്തിയാക്കാനായത് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ കാര്യക്ഷമമായ ഇടപെടലിന്റെ തെളിവാണ്. മുഖ്യമന്ത്രി വി. ഡി സതീശന്റെ അവലോകന യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശം യാഥാര്‍ഥ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഉത്തരവാദിത്വം അഭിനന്ദനാര്‍ഹമാണ്. 'ഇച്ഛാശക്തിയുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്' എന്ന ആശയം അന്വര്‍ഥമാക്കുന്നതാണ് ഈ പ്രവൃത്തിയുടെ പൂര്‍ത്തീകരണമെന്നും അദ്ദേഹം പറഞ്ഞു.

തീര്‍ത്ഥാടനകാലത്ത് പത്തനംതിട്ട ജില്ലയിലെ എല്ലാ റോഡുകളും ശബരിമലയിലേക്കുള്ള തീര്‍ത്ഥാടന പാതകളായി മാറുന്ന സാഹചര്യമാണ്. പ്രധാന റോഡുകളുടെ വികസനത്തോടൊപ്പം അവയിലേക്ക് വന്നുചേരുന്ന അനുബന്ധ റോഡുകള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. ഇക്കാര്യം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്നും അതിനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും എം.പി. പറഞ്ഞു.
 

date