ജനപങ്കാളിത്തത്തോടെ ഭരണപരിഷ്‌കാരം: ബിപിപിആർ പോർട്ടൽ സജീവമായി
*നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങൾ നിർദേശിക്കാൻ പൊതുജനങ്ങൾക്കും അവസരം
കേരളത്തിന്റെ ഭരണസംവിധാനം കൂടുതൽ ലളിതവും സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന Business Policy and Process Re-engineering (BPPR) സംരംഭത്തിന്റെ ഓൺലൈൻ പോർട്ടൽ സജീവമായി. നിലവിലുള്ള നിയമങ്ങൾ, ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ, നടപടിക്രമങ്ങൾ എന്നിവ പരിശോധിച്ച് കാലഹരണപ്പെട്ടതും അനാവശ്യമായ സങ്കീർണതകൾ സൃഷ്ടിക്കുന്നതുമായ വ്യവസ്ഥകൾ പരിഷ്‌കരിക്കുന്നതിനുള്ള ഈ സംരംഭത്തിൽ പൊതുജനങ്ങൾക്കും വിദഗ്ധർക്കും സ്ഥാപനങ്ങൾക്കും പങ്കാളികളാകാം. പൊതുഭരണ വകുപ്പിന് കീഴിൽ രൂപീകരിച്ച ബിപിപിആർ സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പോർട്ടലിലൂടെ പൊതുജനങ്ങൾക്ക് പരിശോധിക്കാനും ഓരോ വ്യവസ്ഥയെയും അടിസ്ഥാനമാക്കി അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാനും കഴിയും. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ ബിപിപിആർ സെൽ പരിശോധിച്ച് ബന്ധപ്പെട്ട ഭരണവകുപ്പുകൾക്കും വിഷയവിദഗ്ധർക്കും കൈമാറും. തുടർന്നുള്ള പരിശോധനയുടെയും നിയമപരമായ നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിൽ ആവശ്യമായ ഭേദഗതികൾക്ക് രൂപം നൽകും.
പൊതുജനങ്ങൾക്ക് https://bppr.gad.kerala.gov.in/ സന്ദർശിച്ച് രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യാം. നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സാധുവായ ഇ-മെയിൽ വിലാസം ഉപയോഗിച്ചുള്ള രജിസ്‌ട്രേഷൻ ആവശ്യമാണ്. നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഡിജിറ്റൈസേഷൻ, പരിശോധന, വിശകലനം, പൊതുജനങ്ങളിൽനിന്നുള്ള നിർദേശങ്ങളുടെ ക്രോഡീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും. ഏറ്റവും മികച്ച സ്വീകാര്യമായ ചട്ട ഭേദഗതികൾ സമർപ്പിക്കുന്നവർക്ക് സർട്ടിഫിക്കറ്റും സമ്മാനവും നൽകും.
പി.എൻ.എക്‌സ്. 4902/2026
- Log in to post comments