Skip to main content

സാമ്പത്തിക സെന്‍സസ്; ജില്ലാതല  ഏകോപനസമിതി യോഗം ചേര്‍ന്നു

 

ഏഴാമത് സാമ്പത്തിക സെന്‍സസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ഏകോപനസമിതി യോഗം എഡിഎം അലക്സ് പി തോമസിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്നു.

  കാര്‍ഷികേതര മേഖലയില്‍ ചരക്ക്, സേവന (സ്വന്തം ഉപയോഗം ഒഴികെയുള്ളത്) ഉല്‍പാദനത്തിലും വിതരണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ഗാര്‍ഹിക സംരംഭങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളെയും സാമ്പത്തിക സെന്‍സസില്‍ ഉള്‍പ്പെടുത്തും. 2019 ഡിസംബര്‍ 24ന് സംസ്ഥാനത്ത് സാമ്പത്തിക സെന്‍സസിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്ഭവനില്‍ ഗവര്‍ണറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് തുടക്കം കുറിച്ചിരുന്നു.

പേര്, വിലാസം, ഫോണ്‍ നമ്പര്‍, സാമ്പത്തിക സംരംഭങ്ങളുടെ വിശദാംശങ്ങള്‍ എന്നിവയാണ് സെന്‍സസ് ഉദ്യോഗസ്ഥര്‍ ശേഖരിക്കുന്നത്. വിവര ശേഖരണം, മൂല്യ നിര്‍ണയം, റിപോര്‍ട്ട് തയ്യാറാക്കല്‍, പ്രചാരണം എന്നിവയ്ക്കായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഉപയോഗിച്ചിരിക്കുന്നത്. ഏഴാമത് സാമ്പത്തിക സെന്‍സസിലെ വിവരങ്ങള്‍ ഓരോ എന്യൂമറേഷന്‍ ബ്ലോക്കുകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ആപ്ലിക്കേഷനിലൂടെ വിവരശേഖരണ ഉദ്യോഗസ്ഥര്‍ അപ്പോള്‍ തന്നെ അപ്ലോഡ് ചെയ്യും. ഈ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് ചുമതല രാജ്യത്ത് ഉടനീളം കോമണ്‍ സര്‍വീസ് സെന്ററുകളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പ്രവര്‍ത്തനങ്ങളുടെ ഏകോപനം, സൂപ്പര്‍വിഷന്‍ എന്നിവ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ), ഡയറക്ടറേറ്റ് ഓഫ് എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് (ഡിഇഎസ്) എന്നീ ഗവണ്‍മെന്റ് ഏജന്‍സികളാണ് നടത്തുന്നത്. 

 ജില്ലാതല മോണിറ്ററിംഗിനു വേണ്ടി ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലാതല ഏകോപന സമിതി രൂപീകരിച്ചിട്ടുണ്ട്.

എന്‍പിആര്‍, കോവിഡ് 19 ലോക്ക്ഡൗണ്‍ സാഹചര്യങ്ങള്‍ കാരണം സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ സര്‍വ്വെ പൂര്‍ത്തിയാക്കുന്നതിനുള്ള കാലാവധി 2020 ഡിസംബര്‍ 31 വരെയായി ദീര്‍ഘിപ്പിച്ചുണ്ട്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 75556 സ്ട്രക്ചറുകള്‍ സര്‍വ്വെ ചെയ്തിട്ടുണ്ട്. ഇത് ആകെ ലക്ഷ്യത്തിന്റെ 16.86% മാത്രമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും മറ്റു വകുപ്പുകളുടേയും സഹകരണം ജില്ലാതല കോ- ഓര്‍ഡിനേഷന്‍ കമ്മറ്റിയിലൂടെ ഉറപ്പാക്കണമെന്നും സി.എസ്.സി ആവശ്യപ്പെട്ടിട്ടുണ്ട്. 

എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഡെപ്യൂട്ടി ഡറക്ടര്‍ പി.കെ ശാലിനി, ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത് എസ്.ഷാജി, എന്‍എസ്ഒ സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ മാത്യു വര്‍ഗീസ്, സിഎസ്സി ജില്ലാ മാനേജര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

എന്താണ് ഏഴാം സാമ്പത്തിക സെന്‍സസ് 

 

മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ രാജ്യത്താകമാനം നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്‌കീമാണ് ഏഴാമത് സാമ്പത്തിക സെന്‍സസ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയരൂപീകരണത്തിനും പദ്ധതി ആസൂത്രണത്തിനും സെന്‍സസിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കാറുണ്ട്. രാജ്യത്താകമാനമുള്ള സംരംഭങ്ങളുടെ എണ്ണവും അവയുടെ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ സെന്‍സസിനു ശേഷം ഈ മേഖലകളിലുണ്ടായ വ്യതിയാനവും പഠിക്കുന്നതിനുള വിശദമായ വിവരങ്ങളാണ് ഈ സെന്‍സസിലൂടെ ശേഖരിക്കുന്നത്.

 

date