തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കണം -ജില്ല കളക്ടര്‍
-രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി യോഗം ചേര്‍ന്നു
ആലപ്പുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമായും ഹരിതചട്ടം പാലിച്ചാവണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍. തിരഞ്ഞെടുപ്പിന്റെ പശ്ചായത്തലത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
ശുചിത്വ മിഷന്റെയും ഹരിതകേരള മിഷന്റെയും സഹകരണത്തോടെയാണ് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, പരസ്യങ്ങള്‍, സൂചകങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ കോട്ടന്‍ തുണി, പേപ്പര്‍ തുടങ്ങി പുനചംക്രമണം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് വേണം നിര്‍മ്മിക്കാന്‍. പ്ലാസ്റ്റിക്, പിവിസി മുതലായ വസ്തുക്കള്‍ ഉപയോഗിക്കരുത് പകരം കോട്ടൺ തുണി, പേപ്പർ, പായ, ഓല, കയർ, മുള തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. പ്രചാരണത്തിനും അലങ്കാരത്തിനുമായും ഉപയോഗിക്കുന്ന കൊടിതോരണങ്ങള്‍ പൂര്‍ണമായും പ്ലാസ്റ്റിക്, പിവിസി മുക്തമാക്കണം.
നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്‌പോസിബിള്‍ വസ്തുക്കളും ഒഴിവാക്കണം. ഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്യാന്‍ പ്രാദേശിക കുടുംബശ്രീ യൂണിറ്റുകളെ ചുമതലപ്പെടുത്താം. ഭക്ഷണം വിതരണം ചെയ്യാന്‍ പ്ലാസ്റ്റിക് ബോട്ടിലും കണ്ടെയ്‌നറുകളും ഉപയോഗിക്കരുതെന്നും കളക്ടര്‍ പറഞ്ഞു.
പൊതു സ്ഥാപനങ്ങളുടെ സ്ഥലം, കെട്ടിടം, മതിൽ, ഇലക്ട്രിക്- ടെലിഫോൺ പോസ്റ്റുകൾ, ടവറുകൾ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പു സംബന്ധമായ രാഷ്ട്രീയ കക്ഷികളുടെ പരസ്യങ്ങൾ അനുവദിക്കില്ല. പരസ്യം സ്ഥാപിച്ചാൽ സ്കാഡുകളെ ഉപയോഗിച്ച് നീക്കം ചെയ്യും. സ്ഥാപിച്ചിട്ടുള്ള ബോർഡുകളും മറ്റ് പ്രചാരണ ഉപാധികളും തെരഞ്ഞെടുപ്പ് അവസാനിച്ചാൽ ഉടൻ തന്നെ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികൾ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം അഞ്ച് ദിവസത്തിനകം അതാത് തദ്ദേശ സ്വയംഭരണ സെക്രട്ടറിയുടെ ചുമതലയിൽ നീക്കം ചെയ്ത് ഇതിൻറെ ചെലവ് പരസ്യത്തിന്റെ ഗുണഭോക്താവായ സ്ഥാനാർത്ഥിയിൽ നിന്ന് ഈടാക്കുന്നതുമാണ് എന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് കർശനമായി നടപ്പിലാക്കാനും യോഗത്തിൽ തീരുമാനിച്ചു.തെരഞ്ഞെടുപ്പ് പ്ലാസറ്റിക് മുക്തമാക്കി നടത്തുന്നതിൻറെ ഭാഗമായുള്ള കൈപുസ്തകവും യോഗത്തിൽ വിതരണം ചെയ്തു.
നടപ്പാതയിലും റോഡുകളുടെ വളവുകളിലും പാലങ്ങളിലും റോഡുകള്‍ക്ക് കുറുകെ ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലും പൊതുജനങ്ങള്‍ക്ക് ശല്യമോ അപകടമോ ഉണ്ടാകുന്ന രീതിയില്‍ മറ്റേതെങ്കിലും സ്ഥലത്തും തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുവാന്‍ പാടില്ല. അതുപോലെ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള പരസ്യങ്ങളോ ഹോര്‍ഡിങ്ങുകളോ മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ പാടില്ല. പൊതുജനങ്ങളുടെയോ മറ്റുവാഹനങ്ങളുടെയോ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന വിധത്തില്‍ തിരഞ്ഞെടുപ്പ് പരസ്യം വാഹനങ്ങളില്‍ സ്ഥാപിക്കുവാനോ പ്രദര്‍ശിപ്പിക്കുവാനോ പാടില്ല.
കോവിഡ് പ്രാട്ടോക്കോൾ പാലിച്ച് അതീവ ശ്രദ്ധയോടെ മാത്രം പരമാവധി അഞ്ചു പേരിൽ ഒതുക്കി നടത്തണം. തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വ്യക്തി ശുചിത്വം കര്‍ശനമായി പാലിക്കണം. പൊതുഇടങ്ങള്‍, ശുചിമുറികള്‍ എന്നിവ കഴിവതും ഉപയോഗിക്കുമ്പോള്‍ അണുനശീകരണം നടത്തണം. കൃത്യമായ ഇടവേളകളില്‍ കൈകള്‍ സാനിറ്റൈസ് ചെയ്യണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കോവിഡ് രോഗം പടരാതിരിക്കാനുള്ള എല്ലാ മുന്‍ കരുതലുകളുമെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ ശ്രദ്ധിക്കണം.
യോഗത്തില്‍ ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.വി ജയകുമാരി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ദീപ്തി, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ എസ് രാജേഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായി.
- Log in to post comments