ജില്ലയില്‍ 9 വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് 19 പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു
കോവിഡ് പ്രതിരോധ വാക്സിൻ കോവി ഷീൽഡ് വിതരണം ജില്ലയിൽ ആരംഭിച്ചു. ജനറൽ ആശുപത്രിയിൽ നടന്ന കോവിഡ് വാക്സിൻ വിതരണത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ എൽ. അനിതകുമാരി ആദ്യമായി വാക്സിൻ സ്വീകരിച്ചു. തുടർന്ന് ഡോക്ടർ വേണു ഗോപാൽ, ആർ സി എച് ഓഫീസർ ഡോക്ടർ മോഹൻദാസ്, എന്നിവരും വാക്സിൻ സ്വീകരിച്ചു.
ജില്ലയിൽ സജ്ജീകരിച്ചിട്ടുള്ള 9 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം ആരംഭിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയിലെ എല്ലാവരെയും ആദ്യ ഘട്ടത്തിൽ വാക്സിനേഷന് വിധേയമാക്കും. രാ വിലെ 10.30ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉദഘാടനം ചെയ്ത ശേഷമാണ് വാക്സിൻ വിതരണം ആരംഭിച്ചത്. മന്ത്രി ജി. സുധാകരൻ വാക്സിൻ വിതരണ കേന്ദ്രങ്ങളായ വണ്ടാനം മെഡിക്കൽ കോളേജിലും ആലപ്പുഴ ജനറൽ ആശുപത്രിയിലും എത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. അഡ്വ :എ. എം ആരിഫ് എം. പി വണ്ടാനം മെഡിക്കൽ കോളേജിൽ എത്തി വാക്സിൻ വിതരണം വീക്ഷിച്ചു.
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വാക്സിൻ വിതരണം ആരംഭിച്ചതോടുകൂടി കൂടുതൽ ആത്മവിശ്വാസമാകുമെന്ന് വിതരണ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മന്ത്രി ജി. സുധാകരൻ പറഞ്ഞു. ആരോഗ്യ മേഖലയിലെ ഡോക്ടർമാർ, നേഴ്‌സുമാർ മറ്റ് ആരോഗ്യപ്രവർത്തകർ തുടങ്ങിയവരും ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളാണ് കോവിഡ് കാലത്ത് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിൻ വിതരണം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് കളക്ടറേറ്റിൽ വീഡിയോ വഴി വീക്ഷിച്ച ശേഷം ജില്ലാ കളക്ടർ എ. അലക്സാണ്ടർ വാക്സിൻ വിതരണ കേന്ദ്രമായ ജനറൽ ആശുപത്രിയിൽ എത്തി.
കോവിഡ് പ്രതിരോധ വാക്സിൻ ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട 89 കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യുമ്പോൾ എല്ലാവർക്കും ലഭ്യമാകാനുള്ള സൗകര്യം ഉണ്ടാവുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. തീരദേശ മേഖല, കുട്ടനാട് തുടങ്ങി എല്ലാ വിഭാഗത്തിലെയും പ്രാതിനിധ്യം ആദ്യ ഘട്ടത്തിൽ ഉറപ്പാക്കിക്കൊണ്ടാണ് ജില്ലയിൽ ആദ്യ ദിനം 9 കേന്ദ്രങ്ങളിലായി 100 പേരെ വീതം തിരഞ്ഞെടുത്തു വാക്സിനേഷൻ ആരംഭിച്ചത്. ഇതിൽ ആരോഗ്യ മേഖലയിലെ താഴേ തട്ടിലുള്ള ജീവനക്കാർ അടക്കം എല്ലാവരെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
കോവിഡ് പ്രതിരോധ വാക്സിനേഷൻ ജില്ലയിൽ ആരംഭിച്ചത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ എൽ. അനിതകുമാരി പറഞ്ഞു. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ, പ്രതിരോധ നിരയിലെ മുന്നണി പോരാളികൾ എന്നിവർക്കാണ് വാക്സിനേഷൻ നൽകുന്നത്. തുടർന്ന് പ്രായമുള്ളവർ ഉൾപ്പടെ മുൻഗണന ക്രമത്തിൽ പൊതുജനങ്ങൾക്ക് വാക്സിൻ നൽകും. പിന്നീടാവും മറ്റുള്ളവർക്ക് വാക്സിൻ നൽകുകയെന്നും ജില്ലയിൽ ആദ്യ വാക്സിനേഷൻ സ്വീകരിച്ച ശേഷം മെഡിക്കൽ ഓഫീസർ പറഞ്ഞു.
വണ്ടാനം മെഡിക്കല്‍ കോളേജ്, ആലപ്പുഴ ജനറല്‍ ആശുപത്രി, ചെങ്ങന്നൂര്‍, മാവേലിക്കര, ജില്ലാ ആശുപത്രികള്‍, കായംകുളം താലൂക്ക് ആശുപത്രി, ആര്‍.എച്ച്.റ്റി.സി.ചെട്ടികാട്, പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, ചെമ്പുംപുറം സാമൂഹികാരോഗ്യകേന്ദ്രം, സേക്രട്ട് ഹാര്‍ട്ട് ആശുപത്രി, ചേര്‍ത്തല എന്നിവിടങ്ങളാണ് ആദ്യഘട്ടത്തിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍. ആദ്യഘട്ടം ആദ്യ ദിനത്തില്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകരിലെ എല്ലാ മേഖലകളില്‍ നിന്നും പ്രതിനിധികളെയാണ് തെരഞ്ഞെടുത്തിരുന്നത്.
- Log in to post comments