കുറിച്യാര്‍മല എസ്റ്റേറ്റ്: തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി
കഴിഞ്ഞ 16 മാസക്കാലമായി പൂട്ടിക്കിടന്നിരുന്ന കുറിച്യാര്‍മല എസ്റ്റേറ്റ് തുറന്നു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റും തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി ധാരണയായി. തൊഴിലാളികള്‍ തൊഴില്‍ ചെയ്ത മുഴുവന്‍ കാലയളവിലേയും നിയമാനുസൃതമായ ലീവ് വിത്ത് വേജസ്, നിലവിലെ വേതന പരിഷ്‌കരണ ഉത്തരവ് പ്രകാരമുളള വേതന കുടിശിക എന്നിവ ഫെബ്രുവരി 28 നകം തൊഴിലാളികള്‍ക്ക് നല്‍കും. എസ്റ്റേറ്റ് പൂട്ടിക്കിടക്കുന്ന കാലയളവ് ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ക്ക് കണക്കാക്കുന്നതാണ്. നിയമാനുസൃതമായതും പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി കരാര്‍ പ്രകാരമുളളതുമായ പ്രവര്‍ത്തികള്‍ തൊഴിലാളികള്‍ പൂര്‍ത്തീകരിക്കും. മൂന്ന് മാസത്തിനുളളില്‍ കുടിശ്ശികയുളള 2018-2019, 2019-2020 വര്‍ഷത്തെ ബോണസ് തൊഴിലാളികള്‍ക്ക് നല്‍കാനും തീരുമാനമായി. തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് തൊഴിലുടമ തൊഴിലാളികള്‍ക്കെതിരെയും തൊഴിലാളികള്‍ തൊഴിലുടമകള്‍ക്കെതിരെയും കോടതികളില്‍ ഫയല്‍ചെയ്തമുഴുവന്‍കേസുകളുംഇരുകക്ഷികളും പിന്‍വലിക്കും. തൊഴിലാളികള്‍ക്കെതിരെ ഇതിനോടകം സ്വീകരിച്ചിട്ടുള്ള അച്ചടക്ക നടപടികളെല്ലാം മാനേജ്‌മെന്റും പിന്‍വലിക്കും. എസ്റ്റേറ്റില്‍ ഭാവിയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും തര്‍ക്കങ്ങളും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാനും ധാരണയായി.
ജില്ലാ ലേബര്‍ ഓഫീസര്‍ കെ.സുരേഷ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പ്രശ്‌ന പരിഹാരമായത്. മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് എം.കെ. മുഹമ്മദ് ഇസ്മയില്‍ തൊഴിലാളികളെ പ്രതിനിധീകരിച്ച് പി.ഗഗാറിന്‍ (സി.ഐ.റ്റി.യു), ബി. സുരേഷ് ബാബു (ഐ.എന്‍.റ്റി.യു.സി), പി.വി.കുഞ്ഞിമുഹമ്മദ് (എസ്.റ്റി.യു), കെ.ടി ബാലകൃഷ്ണന്‍ (സി.ഐ.റ്റി.യു), പി.കെ മുരളീധരന്‍ (ബി.എം.എസ്) എന്നിവര്‍ പങ്കെടുത്തു.
- Log in to post comments