Skip to main content

അടിസ്ഥാനസൗകര്യ വികസനത്തിലൂടെ ആലപ്പുഴ ആധുനികതയിലേക്ക്: മന്ത്രി ജി സുധാകരന്‍

 

ആലപ്പുഴ : അഞ്ചുവര്‍ഷത്തിനുള്ളില്‍ ആലപ്പുഴ പൂര്‍ണമായും പുനര്‍നിര്‍മ്മിച്ചു ആധുനിക നഗരമായി മാറി. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ആലപ്പുഴയെ ആധുനികതയിലേക്ക് എത്തിക്കുന്നതില്‍ അമ്പലപ്പുഴ മുന്നിട്ടു നില്‍ക്കുന്നതായി പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നഗര ഗ്രാമ വ്യത്യാസമില്ലാതെ സ്‌കൂള്‍, കോളേജ്, ആശുപത്രികള്‍, റോഡ്, കെട്ടിടങ്ങള്‍, പാലങ്ങള്‍ തുടങ്ങി മികച്ച പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. പൊതുമരാമത്തു വകുപ്പിന്റെ കരുമാടി റെസ്റ്റ് ഹൗസിന്റെ ഉദ്ഘടാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ 200 ഓളം റസ്റ്റ് ഹൗസുകള്‍ നിലവില്‍ ഉണ്ട്. അതില്‍ 25 എണ്ണം പുതുതായി നിര്‍മിച്ചവയാണ്. മുവായിരത്തോളം മുറികളാണ് കേരളത്തില്‍ പൊതുമരാമത്തു റസ്റ്റ് ഹൌസില്‍ ഉള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്നെങ്കിലും വരും വര്‍ഷം 25 കോടി രൂപയാണ് വരവ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

മഹാത്മാഗാന്ധി വിശ്രമിച്ച മുസാവരി ബംഗ്ലാവിന്റെ സമീപത്താണ് കരുമാടി വിശ്രമ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. പഴയ മന്ദിരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇവിടെ മഹാത്മാ ഗാന്ധിയുടെ ഒരു പ്രതിമ സ്ഥാപിക്കണമെന്നും ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 3.44 കോടി രൂപയാണ് നിര്‍മാണ ചിലവ്. പൊതുമരാമത്ത് വകുപ്പ് ആര്‍ക്കിടെക് വിഭാഗം രൂപകല്‍പന ചെയ്ത കെട്ടിടത്തില്‍ 2 വി ഐ പി മുറികള്‍ ഉള്‍പ്പെടെ 6 മുറികളും, കിച്ചന്‍, ഡൈനിങ്, ഓഫീസ് റൂം, ലോബി, കോമണ്‍ ശുചിമുറി, വാഷ് ഏരിയ, കോണ്‍ഫറന്‍സ് ഹാള്‍, മാനേജര്‍ റൂം എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കൂടാതെ എല്ലാ മുറികളിലും ഫര്‍ണിച്ചറുകള്‍ക്കും, ഇന്റീരിയര്‍ ഡിസൈന്‍ ജോലികള്‍ക്കുമായി 19.87 ലക്ഷം രൂപയുടെ പ്രവര്‍ത്തി കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കേരള ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മുഖേന പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് അധ്യക്ഷത വഹിച്ചു. കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കവിത, വൈസ് പ്രസിഡന്റ് രമേശന്‍,അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈറസ് ജില്ല പഞ്ചായത്ത് അംഗം അഞ്ചു, കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി ഐ നസീം, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ലൈജു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഏബിള്‍ മോന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

date