Skip to main content

ലൈഫിലേക്ക് വീണ്ടും അപേക്ഷിക്കാം

 

ആലപ്പുഴ: ലൈഫ് മിഷനില്‍ വീടില്ലാത്തവര്‍ക്ക് വീടിനായും വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് വീടിനും സ്ഥലത്തിനുമായും അപേക്ഷിക്കാന്‍ ഒരിക്കല്‍ കൂടി അവസരം. 2021 ഫെബ്രുവരി 20 വരെയാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയുക. 2020 സെപ്തംബര്‍ 23 വരെയാണ് നേരത്തെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നത്. ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തുകളില്‍ 2020 സെപ്തംബര്‍ 23നകം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന നിരവധി ഗുണഭോക്താക്കള്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് ഫെബ്രുവരി 20 വരെ അപേക്ഷ സ്വീകരിക്കുന്നതിന് അവസരം ഒരുക്കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതിനായി സജ്ജീകരിച്ചിരിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകള്‍ മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഭൂരഹിതര്‍ക്ക് ഭൂമിയില്ല എന്ന സാക്ഷ്യപത്രം, പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, മുന്‍ഗണന തെളിയിക്കാനാവശ്യമായ മറ്റു രേഖകള്‍ ഇവ കൂടി സമര്‍പ്പിക്കേണ്ടതാണ്. സാന്ത്വന സ്പര്‍ശം അദാലത്തില്‍ ആവശ്യമായ രേഖകളില്ലാതെ അപേക്ഷ സമര്‍പ്പിച്ചവര്‍ തദ്ദേശസ്ഥാപനങ്ങളുടെ ഹെല്‍പ്പ് ഡസ്‌ക്കിനെ സമീപിച്ച് ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കേണ്ടതാണ്.

date