Skip to main content

നഗര-ഗ്രാമീണ റോഡുകളും ആധുനിക നിലവാരത്തിൽ: മന്ത്രി ജി. സുധാകരൻ

 

നഗര-ഗ്രാമ വ്യത്യാസമില്ലാതെ ആധുനികവും നിലവാരവുമുള്ള റോഡുകൾ നിർമിച്ച് അസാധ്യമായതെന്ന് തോന്നിയ കാര്യങ്ങൾ സർക്കാർ സാധ്യമാക്കിയതായി പൊതുമരാമത്ത്-രജിസ്‌ട്രേഷൻ മന്ത്രി ജി. സുധാകരൻ പറഞ്ഞു. 70 കോടി രൂപ ചെലവിൽ നൂതനസാങ്കേതികവിദ്യ ഉപയോഗിച്ച് പുനർനിർമിച്ച ജില്ലയിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ഗ്രാമീണ റോഡുകൾ നിർമിക്കുന്നത് അസാധ്യമാണെന്ന ചിന്ത മാറ്റാനായി. ജില്ലയിൽ 150 നഗര-പഞ്ചായത്ത് റോഡുകളാണ് ആധുനിക രീതിയിൽ നിർമിച്ചത്. 20 കോടി രൂപ കൂടി മാറ്റിവച്ചിട്ടുണ്ട്. ഇതിലൂടെ 50 റോഡുകൾ കൂടി അധുനിക രീതിയിൽ നിർമിക്കും. കാക്കാഴം കാപ്പിത്തോട് കനാലിന്റെ മാലിന്യപ്രശ്‌നം പരിഹരിക്കാൻ 16 കോടി രൂപ ബജറ്റിൽ മാറ്റിവച്ചിട്ടുണ്ട്. മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ സ്ഥലം ആരും നൽകുന്നില്ല. വണ്ടാനം മെഡിക്കൽ കോളജ് വളപ്പിൽ അതിനുള്ള സൗകര്യം ഒരുക്കാനാണ് ശ്രമം. ചിലർ വേലവച്ച് നശിപ്പിച്ച പദ്ധതിയാണ് കാപ്പിത്തോടിന്റേതെന്നും മന്ത്രി പറഞ്ഞു.

പുന്നപ്ര വടക്ക് പഞ്ചായത്തിൽ 1.01 കോടി രൂപ ചെലവിൽ നിർമിച്ച നാല്, അഞ്ച് വാർഡുകളെ ബന്ധിപ്പിക്കുന്ന എസ്.ഡബ്യൂ.എസ്. ജംങ്ഷൻ-കൊഴമാത്ത് റോഡ്, 29.97 ലക്ഷം രൂപ ചെലവിൽ നിർമിച്ച ആറ്, എഴ് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അക്ഷരനഗരി ബ്രാഞ്ച് റോഡ്(ത്രിവേണി ടവർ റോഡ്), അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ 1.40 കോടി രൂപ ചെലവിൽ നിർമിച്ച കോമന-കാക്കാഴം ബ്രാഞ്ച് റോഡ്, 4.56 കോടി രൂപ ചെലവിൽ നിർമിച്ച നവരായ്ക്കൽ-ആമയിട-എൽ.പി.എസ്.-വഴുതക്കാട് റോഡുകളുടെ പുനരുദ്ധാരണ പൂർത്തീകരണത്തിന്റെ ഉദ്ഘാടനവും ഹാർബർ എൻജിനീയറിങ് വകുപ്പ് തീരദേശ റോഡ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കഞ്ഞിപ്പാടം വട്ടപ്പായിത്ര -പോട്ടത്തറ റോഡിന്റെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് എന്നിവർ വിവിധ യോഗങ്ങളിൽ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ബി. വിനു റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളായ അഞ്ജു, ഗീതബാബു, കെ. കവിത, പി. രമേശൻ, ജയരാജ്, അജീഷ്, ശ്രീരേഖ, അനിത, സിയാദ്, എസ്. സരിത, ഗീതാകൃഷ്ണൻ, പ്രഭ വിജയൻ, ആർ. വിനോദ് കുമാർ, അജിത ശശി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജീനീയർ മോളമ്മ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.

date