Skip to main content

കേരളത്തില്‍ 15 ലക്ഷം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്  പൊതുമരാമത്ത് റോഡില്‍ - മന്ത്രി ജി.സുധാകരന്‍

 

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് എടുത്ത കണക്ക് പ്രകാരം കേരളത്തിലെ പൊതുമരാമത്ത് റോഡുവക്കില്‍ 15 ലക്ഷം വാഹനങ്ങളാണ് പാര്‍ക്ക് ചെയ്യുന്നതെന്നും പലയിടത്തും ഇത് ഗതാഗതക്കുരുക്കിന് ഇടവരുത്തുന്നുണ്ടെന്നും പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. റോഡ് നിയമങ്ങള്‍ അനുസരിക്കുന്നതിലും മറ്റും അല്‍പ്പം കൂടി പൗരബോധം നമ്മള്‍ പാലിക്കണം. ആലപ്പുഴ ബീച്ചിനടുത്തുള്ള പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് വളപ്പിൽ പുതുതായി നിർമ്മാണം  പൂർത്തീകരിച്ച റസ്റ്റ്  ഹൗസ് കെട്ടിടത്തിന്റെ  ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 25 പൊതുമരാമത്ത് വിശ്രമകേന്ദ്രങ്ങള്‍ പുതുതായി നിര്‍മിച്ചു. കഴിഞ്ഞകാല സര്‍ക്കാരുകള്‍ റസ്റ്റ് ഹൗസുകളില്‍ പലതും വാടകയ്ക്ക് നല്‍കി. ഇത് പല തവണ കേസ് പറഞ്ഞാണ് പിന്നീട് തിരിച്ചുപിടിച്ചത്. നിലവില്‍ റസ്റ്റ് ഹൗസുകള്‍ക്ക് അടുക്കും ചിട്ടയും കൈവന്നിട്ടുണ്ട്. മൂവായിരത്തിലധികം മുറികള്‍ ഉണ്ട്. ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തി.ജീവനക്കാര്‍ക്ക് യൂണിഫോം ആയി. കൂടുതല്‍ ജീവനക്കാരെ റസ്റ്റ് ഹൗസുകളില്‍ നിയമിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2 കോടി മാത്രമായിരുന്ന വരുമാനം ഇപ്പോള്‍ 20 കോടിയിലെത്തിയെന്നും മന്ത്രി പറഞ്ഞു. 

ബീച്ചിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിന്റെ നിലവിലുള്ള കെട്ടിടങ്ങളുടെ സ്ഥല പരിമിതിയും, പഴക്കവും പരിഗണിച്ചു  റസ്റ്റ് ഹൗസിൽ കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടി കെട്ടിടം ഏഴ് കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുകയായിരുന്നു.  കെട്ടിടത്തിന്റെ താഴത്തെ നിലയിൽ രണ്ടു വി.ഐ.പി. റൂം, ലോബി , ഓഫീസ്, കിച്ചൺ, ഡൈനിംങ്ങ് ഉൾപ്പെടെയുള്ല സൗകര്യവും  ഒന്നാം നിലയിൽ 2 വി.ഐ.പി. റൂം, 5 എ.സി.റൂം, കോൺഫറൻസ് ഹാൾ, ലോബി, വാഷ് ഏരിയ ഉൾപ്പെടെയുള്ള സൗകര്യങ്ങളും  രണ്ടാമത്തെ നിലയിൽ 2 വി.ഐ.പി. റൂം, 5 എ.സി.റൂം, ഹൗസ് കീപ്പിങ് എന്നിവ ഉൾപ്പെടെയുള്ള സൗകര്യവും  ഒരുക്കിയിട്ടുണ്ട്.  ഈ കെട്ടിടത്തിന്റെ ഇലക്ടിക്കൽ ജോലികൾക്കായി 62,62,000/ രൂപയുടെ പ്രവർത്തികൾ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം പൂർത്തികരിച്ചു. കോമ്പൗണ്ട് വാൾ നിർമ്മിച്ച് മുറ്റം ലാൻഡ്സ് കേപ്പ് ചെയ്ത് ഇന്റർലോക്ക് ടൈൽ നിരത്തി മനോഹരമാക്കിയിട്ടുണ്ട്. നഗരസഭാ ചെയര്‍മാന്‍ സൗമ്യ രാജ്, മുനിസിപ്പല്‍ വൈസ്ചെയര്‍മാന്‍ പി.എസ്.എം.ഹുസൈന്‍,  വാര്‍ഡ് കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വി.ഐ.നസീം, ചീഫ് എന്‍ജിനിയര്‍ ഹൈജിന്‍ ആല്‍ബര്‍ട്ട്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഏബിള്‍ മോന്‍ എന്നിവര്‍ പ്രസംഗിച്ചു. 
 

date