കുഷ്ഠരോഗ നിര്‍ണയത്തിനായി സണ്‍ഡെ സെല്‍ഫി
ആലപ്പുഴ: കുഷ്ഠരോഗ നിര്‍ണയത്തിനായി ജില്ലയില്‍ ജനുവരി 30 മുതല്‍ നടന്നു വരുന്ന കുഷ്ഠരോഗ നിര്‍ണയ തുടര്‍ നിരീക്ഷണ പരിപാടിയായ അശ്വമേഥത്തിന്‍റെ സമാപന ദിവസമായ ഫെബ്രുവരി 28 ഞായറാഴ്ച വ്യത്യസ്തമായ ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്. സണ്‍ഡെ സെല്‍ഫി എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിനിലൂടെ തൊലിപ്പുറത്തെ സ്പര്‍ശന ശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, കട്ടികൂടിയ തിളക്കമുള്ള ചര്‍മ്മം, വേദനയില്ലാത്ത വൃണങ്ങള്‍ എന്നിവ ശരീരത്തിലുണ്ടോ എന്ന് സ്വയം ദേഹപരിശോധനയിലൂടെ കണ്ടെത്തുകയാണ് പരിപാടിയുടെ ഉദ്ദേശ്യം.
സമൂഹത്തില്‍ ഇന്നും അറിയപ്പെടാതെ കിടക്കുന്ന കുഷ്ഠരോഗ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി ചികിത്സ നല്‍കുകയും മറ്റുള്ളവരിലേക്കുള്ള രോഗപ്പകര്‍ച്ച തടയുകയുകയുമാണ് ലക്ഷ്യം. ഫെബ്രുവരി 28 ഞായറാഴ്ച എല്ലാവരും സ്വയം ശരീര പരിശോധന നടത്തിയും, വീട്ടിലെ അംഗങ്ങള്‍ പരസ്പരം പരിശോധന നടത്തിയും ഈ ക്യാമ്പയിനില്‍ പങ്കാളികളാവുകയും സ്വയം സുരക്ഷിതരാകുന്നതോടൊപ്പം മറ്റുള്ളവരെ സുരക്ഷിതരാക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഏതെങ്കിലും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുകയോ ത്വക് രോഗ വിദഗ്ദ്ധനെ കാണിച്ച് അത് കുഷ്ഠരോഗമല്ല എന്ന് ഉറപ്പു വരുത്തുകയോ ചെയ്യേണ്ടതാണ്. ആറുമാസം മുതല്‍ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ കുഷ്ഠരോഗം പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കും. കുഷ്ഠരോഗ ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടേണ്ട നമ്പറുകള്‍. മാവേലിക്കര -9188716539, അമ്പലപ്പുഴ-9745106209, ഹരിപ്പാട്-8281496914, ചെങ്ങന്നൂര്‍-8281403039, ചേര്‍ത്തല -8281496914, ആലപ്പുഴ-9207756751.
- Log in to post comments