ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് മാര്‍ച്ച് ഒന്നു മുതല്‍ ലഭ്യമാകും
ആലപ്പുഴ: സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്ന ഇ-ഹെല്‍ത്ത് പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിക്കും. എഫ് ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടറില്‍ നിന്നും യു.എച്ച്.ഐ.ഡി കാര്‍ഡ് കൈപ്പറ്റാന്‍ സാധിക്കും. ഇതിനായി ആധാര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ കൊണ്ടു വരണം. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും യു.എച്ച്.ഐ.ഡി കാര്‍ഡ് നല്‍കുന്നതിനായി ഓരോ വ്യക്തിയുടേയും വിവരങ്ങള്‍ അതത് പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിനകം ശേഖരിച്ചിട്ടുണ്ട്. ആധാര്‍ കാണിക്കുമ്പോള്‍ മൊബൈലില്‍ വരുന്ന സന്ദേശമനുസരിച്ച് വിവരങ്ങള്‍ ക്രോഡീകരിച്ച് ബാര്‍കോഡ് അധിഷ്ഠിത കാര്‍ഡ് നല്‍കും. ഈ കാര്‍ഡ് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഉപയോഗിക്കാം. ആശുപത്രിയില്‍ വരുമ്പോള്‍ ഒ.പി.ചീട്ട്, ചികിത്സ വേഗത്തില്‍ ലഭിക്കുന്നതിനും ഇത് സഹായിക്കും. യു.എച്ച്.ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് ഒ.പി ചീട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഒ.പി കളോട് ചേര്‍ന്നുള്ള കിയോസ്‌കുകള്‍ വഴി എളുപ്പത്തില്‍ ഒ.പി ചീട്ട് പുതുക്കാനും സാധിക്കും.
- Log in to post comments