മാര്‍ച്ച് 7 മുതല്‍ 13 വരെ ഗ്ലോക്കോമ വാരാചരണം സംഘടിപ്പിക്കുന്നു
ആലപ്പുഴ: ദേശീയ അന്ധതാ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ മാര്‍ച്ച് 7 മുതല്‍ 13 വരെ ഗ്ലോക്കോമ വാരാചരണം സംഘടിപ്പിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി നിര്‍വഹിക്കും. ജില്ല ടി.ബി.കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ മാര്‍ച്ച് 8 രാവിലെ 10.30 നാണ് ചടങ്ങ് നടക്കുന്നത്. ഗ്ലോക്കോമയ്ക്ക് ശരിയായ ചികിത്സ തേടണം. കണ്ണിന്റെ മര്‍ദ്ദം പെട്ടെന്ന് കൂടി കണ്ണിന് ചുവപ്പും വേദനയും കാഴ്ചക്കുറവുമനുഭവപ്പെടുന്ന അവസ്ഥയാണ് ആംഗിള്‍ ക്ലോഷര്‍ ഗ്ലോക്കോമ. സാവധാനം കണ്ണിന്റെ കാഴ്ച കുറഞ്ഞ് കാഴ്ച മണ്ഡലം ചുരുങ്ങി പൂര്‍ണ്ണമായും കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുള്ള രോഗമാണ് ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമ. സ്ഥിരമായ തലവേദന, കണ്ണിനു ചുറ്റുമുള്ള ചുവപ്പ്, പ്രകാശത്തിനു ചുറ്റും നിറമുള്ള വലയങ്ങള്‍ കാണുക, അടിയ്ക്കടി കണ്ണട മാറ്റേണ്ടി വരിക, കാഴ്ചയുടെ പരിധി കുറഞ്ഞ് ഒരു കുഴലില്‍ കൂടി കാണുന്ന പോലെയാകുക. ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ കണ്ണിന്റെ മര്‍ദ്ദം പരിശോധിക്കേണ്ടതാണ്.
കണ്ണിലെ മര്‍ദ്ദം, കാഴ്ച മണ്ഡലം, കണ്ണിന്റെ ഞരമ്പ് എന്നിവ പരിശോധിച്ച് ഗ്ലോക്കോമ തിരിച്ചറിയുന്ന ഘട്ടമാണ് ഗ്ലോക്കോമ സ്ക്രീനിംഗ്. തുടര്‍ന്ന് കണ്ണിലെ പ്രഷര്‍ കുറയ്ക്കുന്നതിനായി തുള്ളി മരുന്നുകള്‍, സര്‍ജറി, ലേസര്‍ ചികിത്സ എന്നിവ ജില്ലാതലത്തില്‍ ലഭ്യമാണ്. 40 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, കുടുംബത്തില്‍ ഈ രോഗമുള്ളവര്‍, പ്രമേഹം, നിശാന്ധത, കണ്ണിലെ പരിക്ക്, കണ്ണിന്റെ പവര്‍ കൂടുന്ന ഹൈമയോപ്പിയ ഉള്ളവര്‍, സ്റ്റിറോയിഡ് ദീര്ഘകാലമുപയോഗിക്കുന്നവര് തുടങ്ങിയവരില്‍ ഗ്ലോക്കോമ കൂടുതലായി കാണപ്പൊടാം.
ശരിയായ സമയത്ത് രോഗം തിരിച്ചറിഞ്ഞ് ചികിത്സ തേടിയാല്‍ രോഗത്തെ നിയന്ത്രണ വിധേയമാക്കാനാവും. സ്വയം ചികിത്സ പാടില്ല. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ നേത്രരോഗ വിദഗ്ദ്ധനെ കാണുക. മെഡിക്കല്‍ കോളേജ്, ആലപ്പുഴ ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നേത്രരോഗ വിദഗ്ദ്ധരുടെ സേവനം ലഭ്യമാണ്. കൂടാതെ കുടുംബ, സാമൂഹിക, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിശ്ചിത ദിവസങ്ങളില്‍ ഒപ്റ്റോമെട്രിസ്റ്റുകള്‍ കാഴ്ച പരിശോധിക്കുകയും ചെയ്യുമെന്ന് ഡി.എം.ഓ അറിയിച്ചു.
- Log in to post comments