Skip to main content
..

നിയമസഭാ തെരഞ്ഞെടുപ്പ്: പോലീസ് ക്രമീകരണങ്ങള്‍ പൂത്തിയായി

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. ജില്ലയിലാകെ 1530 പോളിംഗ് ബൂത്തുകളാണുള്ളത്. ഇവയില്‍ 39  പ്രശ്‌ന ബാധിത ബൂത്തുകളും, 125  സെന്‍സിറ്റീവ്  ബൂത്തുകളും,  എത്തിപ്പെടാനാവാത്ത ഒരു ബൂത്തും ഉള്‍പ്പെടുന്നു. പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക പോലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
     107 പോലീസ് ഗ്രൂപ്പ് പട്രോള്‍ സംഘങ്ങളെ നിയോഗിച്ചു. ക്രമസമാധാന ചുമതലയുള്ള 22 പട്രോള്‍ സംഘങ്ങളുണ്ടാവും. സെന്‍സിറ്റീവ് ബൂത്തുകള്‍ ഉള്ള പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ക്രമസമാധാന ചുമതലയുള്ള 10 സംഘങ്ങളെ നിയോഗിച്ചു. പോലീസ് സ്റ്റേഷന്‍ പരിധികളില്‍ 22 സ്ട്രൈക്കിങ് ഫോഴ്‌സുകളുണ്ടാവും. ആറ് ഇലക്ഷന്‍ സബ് ഡിവിഷന്‍ പട്രോള്‍ ആണ് ജില്ലയിലുണ്ടാവുക. നിലവിലെ അഞ്ച് പോലീസ് സബ് ഡിവിഷനുകള്‍ക്കു പുറമെ പുതുതായി രൂപീകരിച്ച പന്തളം ഇലക്ഷന്‍ സബ് ഡിവിഷന്‍ ഉള്‍പ്പെടെയാണിത്. 
       ജില്ലാ പോലീസ് മേധാവിയുടെ ഒരു സ്ട്രൈക്കിംഗ് ഫോഴ്‌സ് സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, സംസ്ഥാന പോലീസ് മേധാവി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, സോണല്‍ ഐജി, റേഞ്ച് ഡിഐജി എന്നിങ്ങനെയും സ്ട്രൈക്കിംഗ് ഫോഴ്‌സിനെ നിയോഗിച്ചു.  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം, ഇലക്ഷന്‍ സെല്‍ എന്നിവ ജില്ലാ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നു. പോലീസ് സബ് ഡിവിഷന്‍ തലത്തില്‍ 12  ഇന്‍വെസ്റ്റിഗേഷന്‍ ടീമുകള്‍ പ്രവര്‍ത്തിക്കും. വോട്ടിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ പോലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇത് കൂടാതെ വോട്ടെണ്ണല്‍  കേന്ദ്രങ്ങളിലും  സുരക്ഷ ഒരുക്കിയിട്ടുണ്ട്.
            തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജില്ലയില്‍ 11 ഡിവൈഎസ്പിമാര്‍, 33 പോലീസ് ഇന്‍സ്പെക്ടര്‍മാര്‍, 103 എസ് ഐ/എ എസ് ഐ മാര്‍, 1629 എസ്‌സിപി ഒ / സി പി ഒ, 216 സി എ പി എഫ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ സിബിസിഐ ഡി, വിജിലന്‍സ്, എക്‌സൈസ്, സായുധ സേനാ ബറ്റാലിയനുകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. പ്രശ്‌നബാധിത ബൂത്തുകളില്‍ സി എ പി എഫിനെ കൂടി നിയോഗിച്ചു. 
             തെരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപൂര്‍ണമായി  നടക്കുന്നതിനുവേണ്ട  ശക്തമായ നടപടികള്‍ കൈകൊണ്ടതായി ജില്ലാപോലീസ് മേധാവി പറഞ്ഞു. കലാശക്കൊട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ച സാഹചര്യത്തില്‍ ഇക്കാര്യം ഉറപ്പാക്കുന്നതിന് എല്ലാവിധ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

date