ദുരന്തനിവാരണ സേന രൂപീകരിച്ച് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
ആലപ്പുഴ: ദുരന്തങ്ങളുണ്ടായാൽ തദ്ദേശീയമായി നേരിടാനായി ദുരന്ത നിവാരണ സേന രൂപീകരിച്ച് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത 150 യുവതി-യുവാക്കളെ ഉൾപ്പെടുത്തിയാണ് ദുരന്ത നിവാരണ സേന രൂപീകരിച്ചത്. റവന്യൂ, ആരോഗ്യ വകുപ്പ് ,ഫയർ ആൻഡ് റെസ്‌ക്യു, പോലീസ്, കെ. എസ്.ഇ.ബി, തുടങ്ങിയ വകുപ്പുകളുമായി ചേർന്നാകും സേനയുടെ പ്രവർത്തനം.
ബ്ലോക്ക് പരിധിയിൽ ദുരന്തനിവാരണ സേന രൂപീകരിക്കുക വഴി ദുരന്തങ്ങൾ, പ്രളയം, മഴക്കാലക്കെടുതി, കോവിഡ്, ശുചീകരണങ്ങൾ, ബോധവൽക്കരണ പ്രവർത്തനം, ആരോഗ്യ പ്രവർത്തനം, പെട്ടെന്ന് ഉണ്ടാകുന്ന പ്രതിസന്ധികളെ നേരിടൽ, പ്രഥമ ശിശ്രൂഷ തുടങ്ങി നിരവധി വിഷയങ്ങൾ നേരിടാൻ സജ്ജരായ യുവതലമുറയെ പരിശീലനം നൽകി രംഗത്ത് കൊണ്ടുവരികയാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ് പറഞ്ഞു. ബ്ലോക്ക് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സേനയുടെ പ്രവർത്തനങ്ങൾ. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് പരിശീലന പരിപാടി. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി സേനയുടെ വിവരങ്ങൾ ജില്ലാ കളക്ടർ, തഹസിൽദാർ, ഫയർ ഫോഴ്‌സ്, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവർക്കും കൈമാറിയിട്ടുണ്ട്.
- Log in to post comments