സംസ്ഥാനത്തെ എല്ലാ സ്കൂളുകളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും: മുഖ്യമന്ത്രി പിണറായി വിജയൻ
ആലപ്പുഴ : സംസ്ഥാനത്തെ എല്ലാ പൊതു വിദ്യാലയങ്ങളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിന്റെ പല കോണുകളിലുമുള്ള ഉന്നത നിലവാരമുള്ള സ്കൂളുകളോട് കിടപിടിക്കുന്ന തരത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങളെ പ്രാപ്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സ്കൂൾ കെട്ടിടങ്ങൾ, ഹയർ സെക്കന്ററി ലാബുകൾ, ഹയർ സെക്കന്ററി ലൈബ്രറികൾ എന്നിവയുടെ ഉദ്ഘാടനവും നിർമ്മാണം ആരംഭിക്കുന്ന സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടൽ കർമ്മത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് വിദ്യാഭ്യാസ രംഗത്ത് നാം നേടിയത് അദ്ഭുതകരമായ നേട്ടങ്ങളാണ്. കാലാനുസൃതമായ മാറ്റങ്ങളാണ് ഇന്നത്തെ വിദ്യാഭ്യാസ രംഗത്തിന് അനിവാര്യം. ഇത് ഉൾക്കൊണ്ടാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വിദ്യാഭ്യാസ രംഗം കാലാ കാലങ്ങളായി മികവോടെ തന്നെയാണ് മുന്നോട്ട് പോകുന്നത്. എന്നാൽ പലപ്പോഴും സ്കൂൾ കെട്ടിടങ്ങളുടെ ജീർണ്ണത, ശുചിമുറി സൗകര്യങ്ങളുടെ പോരായ്മ, ഇരിപ്പിടങ്ങൾ അടക്കമുള്ള ഭൗതിക സാഹചര്യങ്ങളുടെ നിലവാരം എന്നിവ ഉന്നത നിലവാരത്തിലേക്ക് എത്തിയിരുന്നില്ല. ഇതിനാണ് കഴിഞ്ഞ സർക്കാരും ഈ സർക്കാരും മാറ്റം വരുത്താൻ ശ്രമിക്കുന്നത്. ഇതിന്റെ ഗുണം സാധാരണക്കാരായ ജന സമൂഹത്തിനാണ് ലഭിക്കുക. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം അക്കാദമിക്ക് നിലവാരവും ഉയർത്താനുള്ള നടപടികളും നടന്നു വരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് മാത്രമായി 4000 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിലൂടെ നാം കൈവരിച്ച നേട്ടങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കണം. വിദ്യാഭ്യാസ രംഗത്ത് കേരളം എന്നുമൊരു ചാലക ശക്തിയാണ്. ശ്രീ നാരായണ ഗുരു അടക്കമുള്ളവർ പങ്കുവെച്ച ആശയങ്ങൾ നമ്മുടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്കുള്ള പ്രാധാന്യം സമൂഹത്തിനിടയിൽ വർദ്ധിപ്പിച്ചു. ഉന്നത പുരോഗതിയിൽ നിന്നും ഇനിയും മുന്നോട്ട് കുതിച്ചുകൊണ്ട് വൈജ്ഞാനിക സമൂഹത്തിലേക്കുള്ള ചുവട് വെയ്പാണ് നമുക്ക് വേണ്ടത്.
പ്രളയവും, കോവിഡും അടക്കമുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്ത വിദ്യാഭ്യാസ മേഖലയാണ് നമ്മുടേത്. കോവിഡ് കാലത്തും വിമർശനങ്ങളെ കാര്യമാക്കാതെ നടത്തിയ പരീക്ഷകളും ഫലപ്രഖ്യാപനവും ഇതിന് ഉദാഹരണമാണ്. ഇതിന്റെ വെളിച്ചത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്നും കുട്ടികളെ സ്കൂളുകളിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. അനുകൂല സാഹചര്യമുണ്ടായാൽ ഉടൻ തന്നെ സ്കൂളുകൾ തുറന്നുള്ള അദ്ധ്യയനം സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേ മാസക്കാലമായി കുട്ടികൾ വീടുകളിൽ തന്നെയാണ്. ഇത് കുട്ടികളുടെ ശീലങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. കുട്ടികൾക്കുണ്ടായ പഠന വിടവ് നികത്താൻ ജനകീയ പങ്കാളിത്തത്തോടെയുള്ള പരിപാടികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യമന്ത്രി കെ. എൻ ബാലഗോപാൽ, വ്യവസായ മന്ത്രി പി. രാജീവ്, ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് സെക്രട്ടറി വി. പി ജോയ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ചടങ്ങിൽ ഓൺലൈനായി പങ്കെടുത്തു.
മൂന്ന് കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ എട്ട് മുതൽ പത്ത് വരെയുള്ള ക്‌ളാസുകൾക്കായി പുതിയ കെട്ടിടം നിർമിച്ചത്. 14 ഹൈ ടെക് ക്ലാസ് മുറികളാണ് കെട്ടിടത്തിൽ ഉള്ളത്. കൂടാതെ പ്രധാന അധ്യാപകനുള്ള മുറി, സ്റ്റാഫ് റൂം, ഓഫീസ് മുറി എന്നിവയും കെട്ടിടത്തിലുണ്ട്.
പ്രാദേശികമായി നടന്ന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എം. എസ് അരുൺകുമാർ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി, മുൻ എം. എൽ. എ ആർ രാജേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ. സി. ബാബു, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. വി പ്രിയ, നികേഷ് തമ്പി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി. ആർ ഷൈല, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ കോർഡിനേറ്റർ എ. കെ പ്രസന്നൻ, സ്കൂൾ പ്രിൻസിപ്പൽ ആർ. റഫീഖ് എന്നിവർ പങ്കെടുത്തു.
- Log in to post comments