Skip to main content
മത്സ്യകര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അംഗത്വം

മത്സ്യകര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അംഗത്വം പുനരാരംഭിച്ചു

മത്സ്യകര്‍ഷകരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ അംഗമാക്കുന്നതിനു വേണ്ടിയുള്ള കാമ്പയിന്‍ ഏപ്രില്‍ 18 മുതല്‍ പുനരാരംഭിച്ചു. കാര്‍ഷിക മേഖലയുടെ സമഗ്രവായ്പ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ദേശീയ തലത്തില്‍ ആരംഭിച്ച പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. മത്സ്യ കര്‍ഷകര്‍ക്ക് ജൂലൈ 31 വരെ അപേക്ഷ സമര്‍പ്പിച്ച് കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ അംഗമാകാം. ജില്ലയില്‍ 551 മത്സ്യ കര്‍ഷകരെയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുടെ ഗുണഭോക്താക്കളായി ഉദ്ദേശിച്ചിരുന്നത്.

 

ഗുണഭോക്താക്കളുടെ എണ്ണം സമയബന്ധിതമായി പൂര്‍ത്തികരിക്കാനാണ് കാമ്പയിന്‍ പുനരാരംഭിച്ചത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ അംഗമായവര്‍ക്ക് ലോണ്‍ ലഭിക്കാനായുള്ള സ്‌കെയില്‍ ഓഫ് ഫിനാന്‍സ് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നടപ്പിലാക്കും.

 

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സാധാരണക്കാരായ കര്‍ഷകര്‍ക്ക് മനസിലാക്കുന്നതിന് വേണ്ടി മലയാളത്തിലേക്ക് തര്‍ജിമ ചെയ്യുന്നതിന് സംവിധാനം ഒരുക്കും. സംശയ ദൂരീകരണത്തിനും മറുപടികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ലാ ഫിഷറീസ് ഓഫീസര്‍ ജെ. ശ്രീകുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date