Skip to main content

ഫീനിക്‌സ് പക്ഷിയേപ്പോലെ റാന്നി ഉയര്‍ത്തെഴുന്നേറ്റു: ചീഫ് വിപ്പ്

പ്രളയ കാലഘട്ടത്തിനു ശേഷം ഫീനിക്‌സ് പക്ഷിയേപ്പോലെ റാന്നി ഉയര്‍ത്തെഴുന്നേറ്റുവെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു. അത്തിക്കയം - കടുമീന്‍ചിറ റോഡിന്റെ നിര്‍മാണോദ്ഘാടനം അത്തിക്കയത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഗവ.ചീഫ് വിപ്പ്. ദുരന്ത കാലത്തും അടിസ്ഥാന സൗകര്യ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞ സര്‍ക്കാരാണിപ്പോഴുള്ളത്. പ്രകൃതി സൗന്ദര്യം പുനര്‍നിര്‍മിച്ച് മനോഹരമാക്കുവാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നോളജ് വില്ലേജ് വിദ്യാഭ്യാസത്തിന്റെ പുതിയ കാഴ്ചയും, കാഴ്ചപ്പാടും സാധ്യതകളും തിരിച്ചറിഞ്ഞു കൊണ്ടുള്ള ചുവടുവയ്പ്പാണെന്നും ചീഫ് വിപ്പ് പറഞ്ഞു.

 

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ ആധുനിക രീതിയിലാണ് അത്തിക്കയം-കടുമീന്‍ചിറ റോഡിന്റെ നിര്‍മാണം. അത്തിക്കയത്തുനിന്നും ആരംഭിച്ച് കടുമീന്‍ചിറ വരെ ഉള്ള 1.83 കി മി റോഡാണ് നവീകരിക്കുന്നത്. നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ 4,8 വാര്‍ഡില്‍ കൂടെ കടന്നുപോകുന്ന പ്രധാന റോഡ് ആണ് ഇത്.

 

2.4 കോടി രൂപയാണ് നിര്‍മാണചെലവ്. എട്ടു മാസമാണ് നിര്‍മാണ കാലാവധി. റോഡിന്റെ ഇരു വശത്തും ആവശ്യമുള്ളയിടത്തു സംരക്ഷണ ഭിത്തിയും, അഞ്ച് കലിങ്കുകളുടെ പുനര്‍നിര്‍മാണവും, ഇരു ഭാഗത്തുമായി വെള്ളം ഒഴുക്കി കളയുവാന്‍ ഓടയും നിര്‍മിക്കും. റോഡ് ട്രാഫിക് സേഫ്റ്റി പ്രവൃത്തികളായ മുന്നറിയിപ്പ് ബോര്‍ഡുകള്‍, ദിശാസൂചക ബോര്‍ഡുകള്‍, ക്രാഷ് ബാരിയര്‍ എന്നിവയും നിര്‍മിക്കും.

 

അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍മുന്‍ എംഎല്‍എ രാജു എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി തോമസ്, ഗ്രാമ പഞ്ചായത്ത് അംഗം സന്ധ്യാ അനില്‍കുമാര്‍,  വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date