Skip to main content

പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം-ജില്ലാ ആസൂത്രണ സമിതി

ആലപ്പുഴ: പുതിയ സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദ്ദേശിച്ചു.

ഭിന്നശേഷിക്കാര്‍ക്കും മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും മരുന്നുകള്‍ വീടുകളില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ രൂപം നല്‍കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി പറഞ്ഞു. ജില്ലയെ പൂര്‍ണ്ണമായും സ്ത്രീ സൗഹൃദമാക്കി മാറ്റാനുള്ള പദ്ധതികള്‍ നടപ്പിലാക്കണം. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലും സ്ത്രീ സൗഹൃദ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന നിര്‍ദേശവും യോഗം മുന്നോട്ടുവച്ചു.

പഞ്ചായത്ത് തലത്തിലുള്ള പകല്‍വീടുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ശുചിത്വം, ജലസംരക്ഷണം തുടങ്ങിയ മേഖലകളിലെ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം.
ആല, കോടംതുരുത്ത്, തകഴി, പുറക്കാട്, എടത്വ, കുത്തിയതോട് എന്നീ ഗ്രാമപഞ്ചായത്തുകളുടെയും ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, ചേര്‍ത്തല നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി.

ഇതോടെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അംഗീകാരത്തിനായി ആദ്യ ഘട്ട പദ്ധതികള്‍ സമര്‍പ്പിച്ച ജില്ലയിലെ 91 തദ്ദേശ സ്ഥാപനങ്ങളുടെ 1864 പദ്ധതികള്‍ക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള മാവേലിക്കര, ചെങ്ങന്നൂര്‍, ആലപ്പുഴ നഗരസഭകളുടെ ലേബര്‍ ബജറ്റിനും ആക്ഷന്‍ പ്ലാനിനും യോഗം അംഗീകാരം നല്‍കി.

ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. ആര്‍. റിയാസ്, വി. ഉത്തമന്‍, ഡി.പി. മധു, രജനി ജയദേവ്, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ എസ്. സത്യപ്രകാശ്, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date