ബഹുസ്വരതയാണ് നമ്മുടെ രാജ്യത്തിന്റെ മനോഹാരിത, ജനാധിപത്യവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യണം: മന്ത്രി വീണാ ജോര്‍ജ്
സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കുമെന്ന് നാം ഓരോരുത്തരും പ്രതിജ്ഞ ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്നത് ഒരു ഫെഡറല്‍ സംവിധാനത്തെയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്ന ഫെഡറല്‍ സംവിധാനം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്ന് ഈ ഫെഡറല്‍ സംവിധാനമാണ്്. ഈ ഫെഡറലിസത്തെ സംരക്ഷിക്കുന്നതിന് വേണ്ടി നാം പ്രതിജ്ഞാബദ്ധരാണ്.
ബഹുസ്വരതയാണ് നമ്മുടെ രാജ്യത്തിന്റെ മനോഹാരിത. അനേകം ഭാഷകള്‍ അനേകം സംസ്‌കാരങ്ങള്‍, അനേകം മതങ്ങള്‍, അനേകം ആചാരങ്ങള്‍, ഹിമാലയത്തിന്റെ മഞ്ഞ് മൂടിയ കൊടുമുടികള്‍ മുതല്‍ വെയിലില്‍ ജ്വലിക്കുന്ന രാജസ്ഥാന്‍ മരുഭൂമി ഉള്‍പ്പെടെ, ഇടതൂര്‍ന്ന് ഇരുണ്ട് ഇലച്ചാര്‍ത്തിലൂടെ പെയ്തിറങ്ങുന്ന കേരളത്തിലെ മഴയും പശ്ചിമഘട്ടവും, വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി നമ്മുടെ രാജ്യത്തിന്റെ അപൂര്‍വ സമ്പത്താണ്. ഈ ബഹുസ്വരതയും വൈവിധ്യവുമാണ് ഇന്ത്യയുടെ നിറം. ഇതാണ് ഇന്ത്യയുടെ മുഖമുദ്ര. അതിവിപുലമായ ഈ വൈവിധ്യങ്ങളെ ഇന്ത്യയെന്ന മഹാരാജ്യമാക്കിയത് സഹിഷ്ണുതയും സഹവര്‍ത്തിത്വവുമാണ്. മതങ്ങള്‍ മനുഷ്യനെ ഒന്നിപ്പിക്കാനുള്ളതാണ്. മതങ്ങള്‍ മനുഷ്യനെ ഭിന്നിപ്പിക്കാനുള്ളതല്ല. വര്‍ഗീയതയും സങ്കുചിതമായ ചിന്തകളും നമ്മെ ഒരു തരത്തിലും വേര്‍തിരിക്കുവാന്‍ പാടില്ല. എല്ലാ മതങ്ങളും ഉദ്ബോധിപ്പിക്കുന്നത് സ്നേഹത്തോടെയും കാരുണ്യത്തോടെയും പെരുമാറണമെന്നുള്ളതാണ്. പരസ്പരം ബഹുമാനിക്കാനാണ് മതങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഇന്ത്യയുടെ മഹത്തായ ഉപനിഷത്ത് ദര്‍ശനം എന്താണ്, അത് തത്വമസിയാണ്. നിന്നില്‍ വസിക്കുന്നു എന്നുള്ളതാണ്.
പതിറ്റാണ്ടുകള്‍ നീണ്ട സമരപോരാട്ടങ്ങളിലൂടെ പാരതന്ത്ര്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ട് 1947 ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി നമ്മുടെ രാജ്യം ഉണര്‍ന്നത് സ്വാതന്ത്ര്യത്തിലേക്കും പുതിയ ജീവിതത്തിലേക്കുമാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുള്‍പ്പെടെ ധീരരായ സ്വാതന്ത്ര്യ സമര നേതാക്കളേയും പോരാളികളേയും അനുസ്മരിക്കുന്നു. സാമ്രാജ്യത്വത്തിന്റെ തോക്കുകള്‍ക്ക് മുന്നില്‍ ഭയന്നോടാതെ അചഞ്ചലരായി നെഞ്ചുവിരിച്ച് നിന്നവര്‍, രക്തസാക്ഷിത്വം വഹിച്ചവര്‍, എല്ലാവരുടേയും ഓര്‍മകള്‍ക്ക് മുന്നില്‍ ആദരപൂര്‍വം ശിരസ് നമിക്കുന്നു. സ്വാതന്ത്ര്യ സമരം ഇന്ത്യയെന്ന മഹാരാജ്യത്തിന് സ്വാതന്ത്ര്യം നേടിതന്നു. അതിനൊപ്പം തന്നെ ലോകത്തിന്റെ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തപ്പെട്ടു. രാജ്യത്തിന്റെ സ്വാതന്ത്യം സംരക്ഷിച്ച് പോരുന്നതിനും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും വേണ്ടി അതിര്‍ത്തികളിലും അതുപോലെ തന്നെ വിവിധ സേനാവിഭാഗങ്ങളിലും രാജ്യത്തിന്റെ പലയിടത്തും ത്യാഗോജ്ജ്വലമായ സേവനം നടത്തുന്ന സേനാംഗങ്ങളെ ആദരപൂര്‍വം ഓര്‍മിക്കുന്നു.
1947 ഓഗസ്റ്റ് 15ന് നമ്മള്‍ നേടിയെടുത്ത സ്വാതന്ത്ര്യവും രാജ്യത്തിന്റെ അഖണ്ഡതയും സംരക്ഷിക്കുന്നത് ഇന്ത്യയുടെ ഭരണഘടനയാണ്. ഇന്ത്യന്‍ ജനത സ്വീകരിക്കുകയും നിയമമാക്കുകയും നമുക്ക് തന്നെ നല്‍കുകയും ചെയ്ത ഇന്ത്യയുടെ ഭരണഘടന.
ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് തന്നെ വീ ദി പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന് പറഞ്ഞുകൊണ്ടാണ്. WE, THE PEOPLE OF INDIA, having solemnly resolved to constitute India into a SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC -പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക് -അതാണ് നമ്മുടെ രാജ്യം. ഇവിടെ നീതിയും സ്വാതന്ത്ര്യവും സമത്വവും അതോടൊപ്പം തന്നെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിച്ചുകൊണ്ട് സാഹോദര്യവും ഉറപ്പാക്കപ്പെടുന്നു. 1947 ആഗസ്റ്റ് മാസത്തില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ മഹാത്മാഗാന്ധി ബംഗാളിലാണുണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിന്റെ സന്തോഷത്തിനൊപ്പം വിഭജനത്തിന്റെ വേദനകളെ അതിജീവിക്കുന്നതിന് വേണ്ടി അദ്ദേഹം ഇന്ത്യന്‍ ജനതയോട് സംസാരിച്ചുകൊണ്ടേയിരുന്നു.
അന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തോട് ആഹ്വാനം ചെയ്തത് ആഗസ്റ്റ് മാസം പതിനഞ്ചാം തീയതിയിലെ അര്‍ദ്ധരാത്രിയില്‍ നമുക്കൊരു പ്രതിജ്ഞ എടുക്കണം. ആ പ്രതിജ്ഞ രാജ്യത്തെ ജനങ്ങളെ നമുക്ക് സേവിക്കണമെന്നുള്ളതായിരിക്കണമെന്നതാണ്. സ്വാതന്ത്ര്യത്തിന്റെ തലേന്നും ചില വിധ്വംസക ശക്തികള്‍ നാടിന്റെ സമാധാനം തല്ലിക്കെടുത്തുവാന്‍ ശ്രമിച്ചിട്ടുണ്ട് എന്നുള്ളത് അപലപനീയമായിട്ടുള്ള ഒരു കാര്യമാണ്. രാജ്യത്തിന്റെ, സംസ്ഥാനത്തിന്റെ സമാധാനം സംരക്ഷിക്കേണ്ടതും സാഹോദര്യവും സഹവര്‍ത്തിത്ത്വവും സംരക്ഷിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. അത് അതീവ ഗൗരവത്തോടെ നാം ഉള്‍ക്കൊള്ളുകയും ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യണം.
കേരള സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഭരണഘടനാ മൂല്യങ്ങളില്‍ അധിഷ്ടിതമായി സംസ്ഥാനത്ത് മനുഷ്യരേയും പ്രകൃതിയേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള സമഗ്രവും സുസ്ഥിരമായ വികസന പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാവര്‍ക്കും വീട്, ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍. എല്ലാവര്‍ക്കും തൊഴില്‍, ഒരു കുടുംബത്തില്‍ ആദ്യഘട്ടത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍. ഏറ്റവും മികച്ച വിദ്യാഭ്യാസം അതും സാധാരണക്കാര്‍ ആശ്രയിക്കുന്ന നമ്മുടെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുവിദ്യാലയങ്ങളെ ഉന്നതനിലവാരത്തില്‍ ആക്കുക. അതോടൊപ്പം ഉന്നത വിദ്യാഭ്യാസ രംഗത്ത് ആഗോളതലത്തില്‍ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകുകയെന്നുള്ളത്.
അങ്ങനെ സ്‌കൂള്‍ തലത്തിലും വിദ്യാഭ്യാസതലത്തിലും ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ സമ്പ്രദായം ഉണ്ടാവുകയെന്നുള്ള ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതിന് വേണ്ടി പ്രത്യേകമായിട്ടുള്ള വിഷന്‍ അടിസ്ഥാനത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടാണ് നമ്മള്‍ മുന്നോട്ട് പോകുന്നത്. ആരോഗ്യമേഖലയില്‍ ഈ ഘട്ടത്തില്‍ ഈ സര്‍ക്കാരിന്റെ ആദ്യ 15 മാസങ്ങളില്‍ തന്നെ സുപ്രധാനങ്ങളായിട്ടുള്ള ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്്. ആദിവാസി സഹോദരങ്ങള്‍ താമസിക്കുന്ന മേഖലകളിലും അതുപോലെ തീരദേശ മേഖലകളിലും പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
ആരോഗ്യമേഖലയില്‍ കാസര്‍കോഡ് ജില്ലയില്‍ ആദ്യമായി സൂപ്പര്‍ സ്പെഷ്യാലിറ്റി തസ്തികകള്‍ സൃഷ്ടിച്ചു. ഇടമലക്കുടിയെന്ന ആദിവാസി ഗ്രാമത്തില്‍ ആദ്യമായി ആരോഗ്യമേഖലയില്‍ സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചതുള്‍പ്പെടെയുള്ള ഒട്ടേറെ സുപ്രധാനങ്ങളായിട്ടുള്ള ഇടപെടലുകള്‍ ഈ ഘട്ടത്തില്‍ നടത്തിയിട്ടുണ്ട്. എല്ലാ ആശുപത്രികളും രോഗീസൗഹൃദമാകുകയെന്നുള്ളതാണ് ലക്ഷ്യമിട്ടത്. പരമാവധി സൗജന്യമായി അല്ലെങ്കില്‍ ഏറ്റവും മിതമായ നിരക്കില്‍ ചികിത്സാസേവനങ്ങള്‍ നല്‍കുകയെന്നുള്ളതാണ് ലക്ഷ്യം. ഈ ഘട്ടത്തില്‍ രാജ്യത്ത് തന്നെ ആദ്യമായി ജനറലാശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തുന്ന സംസ്ഥാനമായി കേരളം മാറി. ലക്ഷക്കണക്കിന് രൂപ സ്വകാര്യ മേഖലയില്‍ വേണ്ടി വരുന്ന ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ക്കാര്‍ മേഖലയില്‍ സാധ്യമാക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ലക്ഷ്യം രോഗനിര്‍മാര്‍ജനവും രോഗത്തിന് എതിരെയുള്ള പ്രതിരോധശേഷി വര്‍ധിപ്പിക്കലുമാണെന്നും മന്ത്രി പറഞ്ഞു.
ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍, എഡിഎം ബി. രാധാകൃഷ്ണന്‍, സിഒ കമാന്‍ഡിംഗ് 14 കേരള എന്‍സിസി കേണല്‍ ദീപക് നമ്പ്യാര്‍, ലഫ്റ്റന്റ് കേണല്‍ ആശിശ് റെയിന, നഗരസഭാംഗങ്ങള്‍, റവന്യു ജീവനക്കാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments