Skip to main content

തീരത്തടിഞ്ഞ ഡോക്കിൽ ഇന്ധനമില്ലാത്തതിനാൽ മലിനീകരണ സാധ്യതയില്ല

 

ആലപ്പുഴ: അമ്പലപ്പുഴയിൽ തീരത്തടിഞ്ഞ ഡോക്കിൽ ഇന്ധനം ഇല്ലാത്തതിനാൽ മലിനീകരണത്തിനുള്ള സാധ്യതയില്ലെന്ന് ആലപ്പുഴ പോർട്ട് അധികൃതർ. ടഗ്ഗിനോടൊപ്പം ഡോക്ക് വലിച്ചു മാറ്റുന്നതിന് 40 ടൺ ശേഷിയുള്ള ഒരു ടഗ്ഗുകൂടി ലഭ്യമാക്കാനുള്ള ശ്രമം നടന്നുവരുന്നു. കേരള തീരത്ത് ശേഷി കുറഞ്ഞ ടഗ്ഗുകളാണ് ലഭ്യമായിട്ടുള്ളത്.  ടഗ്ഗുകളുടെയും വടത്തിന്റെയും ലഭ്യത ഉറപ്പാക്കിയതിനുശേഷം മാത്രമേ ഡോക്ക് കെട്ടിവലിക്കുന്നതിനുള്ള പദ്ധതി അംഗീകരിക്കാനാകൂവെന്ന് പോർട്ട് അധികൃതർ വ്യക്തമാക്കി.

ഡോക്ക് കെട്ടിവലിക്കാൻ ഉപയോഗിച്ചിരുന്ന  അൽഫത്താൻ രണ്ട് എന്ന ടഗ് ബോട്ട് ഇന്ധനം നിറക്കുന്നതിനും അറ്റകുറ്റപണികൾ നടത്തുന്നതിനുമായി കോല്ലം തുറമുഖത്താണ് ബെർത്ത് ചെയ്തിരിക്കുന്നത്. ടഗ്ഗിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ട്രക്കുകൾ വഴി ഇന്ധനം  നൽകുന്നതിനുള്ള നടപടി സ്വീകരിച്ചു. തടസം വരുന്ന പക്ഷം ടഗ് കൊച്ചി തുറമുഖത്തെത്തിച്ച് ഭാരത് പെട്രോളിയം കോർപ്പറേഷനിൽ നിന്ന് നേരിട്ട് ഇന്ധനം നിറക്കാനുള്ള സാധ്യത പരിശോധിക്കും. ടഗ്ഗ് കൊല്ലം തുറമുഖം വിടുന്നതിനുമുമ്പ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണം. ഡോക്ക് കെട്ടി വിലക്കാനുള്ള വടം വാങ്ങുന്നതിനുള്ള ഓർഡർ ചെന്നൈ ആസ്ഥാനമായ കമ്പനിക്ക് നൽകിയതായി ഉടമസ്ഥർ അറിയിച്ചു.

  (പി.എൻ.എ. 1867/2018)

date