Skip to main content

പുരുഷ വന്ധ്യംകരണം പ്രോത്സാഹിപ്പിക്കാന്‍ ഡിസംബര്‍ മുതല്‍ എന്‍.എസ്.വി. പക്ഷാചരണം

ആലപ്പുഴ: കുടുംബാസൂത്രണത്തില്‍ പുരുഷന്മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ നോസ്‌കാല്‍പ്പല്‍ വാസക്ട്ടമി പ്രചരിപ്പിക്കുന്നതിനുമായി എന്‍.എസ്.വി. പക്ഷാചരണം സംഘടിപ്പിക്കുന്നു. ഗര്‍ഭധാരണം, പ്രസവം, കുട്ടികളെ വളര്‍ത്തല്‍, ഗര്‍ഭനിരോധന മാര്‍ഗ്ഗം സ്വീകരിക്കല്‍ എന്നിവയെല്ലാം സ്ത്രീകളുടെ ഉത്തരവാദിത്തമെന്നത് മാറ്റുകയാണ് ലക്ഷ്യം.

ഡിസംബര്‍ ആദ്യവാരമാണ് പക്ഷാതരണം നടത്തുന്നത്. എന്‍.എസ്.വി. വളരെ ലളിതമായ ശസ്ത്രക്രിയയാണ്. ചെറിയ ഒരു മുറിവിലൂടെ ചെയ്യുന്ന കീഹോള്‍ ശസ്ത്രക്രിയ ആയതിനാല്‍ തുന്നല്‍ ഇടേണ്ട ആവശ്യവുമില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം ദീര്‍ഘകാലത്തെ വിശ്രമവും വേണ്ട. ഒന്നോ രണ്ടോ ദിവസത്തിനകം സാധാരണ ജോലിയില്‍ പ്രവേശിക്കാം. വേദനയും കുറവാണ്. മുറിവുകള്‍ ഉണങ്ങി വേദന മാറിക്കഴിഞ്ഞാല്‍ കുടുംബജീവിതം നയിക്കാം. 

മൂന്നുമാസം താത്ക്കാലിക ഗര്‍ഭനിരോധനമാര്‍ഗം ഉപയോഗിക്കണം. അതിന് ശേഷം ശുക്ല പരിശോധന നടത്തി ബീജങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സാധാരണ രീതിയില്‍ ബന്ധപ്പെടാം. ഈ മാര്‍ഗം സ്വീകരിക്കുന്നത് മൂലം പുരുഷന്മാടെ കായിക ശേഷിക്കോ ലൈംഗിക ശേഷിക്കോ ഒരു വ്യത്യാസവും വരില്ല. പാര്‍ശ്വഫലങ്ങളുമില്ല.

ഡിസംബര്‍ 2-ന് ആലപ്പുഴ ജനറല്‍ ആശുപത്രി, ഡിസംബര്‍ 3-ന് കായംകുളം താലൂക്ക് ആശുപത്രി, മാവേലിക്കര ജില്ല ആശുപത്രി എന്നവിടങ്ങളിലും ഡിസംബര്‍ 7-ന് ചെങ്ങന്നൂര്‍ ജില്ല ആശുപത്രി, ഡിസംബര്‍ 8-ന് ആര്‍.എച്ച.ടി.സി. ചെട്ടികാട്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും വന്ധ്യംകരണ ക്യാമ്പ് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കുന്നതിനും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെടണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

date