എൻ ഊരിന് നിറമെഴുതി ഗോത്ര വരകൾ*
പൈതൃകം മുടി കെട്ടിയ പുൽകുടിലുകളുടെ തണലിൽ എൻ ഊരിന് നിറമെഴുതി ഗോത്ര വരകൾ. വയൽനാടിൻ്റെ ഗോത്ര സംസ്കൃതിയുടെ ഇന്നലെകളെ കാതിട്ട കളിമൺ കൂജകളിലേക്ക് പകർത്തിയാണ് 'ഞങ്ങ' ഗോത്രോത്സവം ശ്രദ്ധയാകർഷിച്ചത്. മഞ്ചാടിക്കമ്മലിട്ട ആദിവാസി സ്ത്രീകളും കാടിറമ്പങ്ങളും വനവാസ ജീവിതങ്ങളുമാണ് ചിത്രങ്ങളായി മാറിയത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഗോത്ര പൈതൃകോത്സവം ചിത്രകലാ ക്യാമ്പിൽ എം.ആർ.രമേഷ്, രാജേഷ് അഞ്ചിലൻ, കെ.പി.ദീപ, പ്രസീത ബിജു എന്നിവരാണ് ഗോത്ര ജീവിത ചാരുതകളെ നിറമണിയിച്ചത്. എൻ ഊരിൻ്റെ തനത് ഭാവങ്ങളിൽ ഗോത്രഭുമികയുടെ നേർചിത്രങ്ങൾ പുതിയ കാലത്തോട് കഥ പറഞ്ഞു. ലളിതകലാ അക്കാദമി ചിത്രപ്രദർശനങ്ങളിൽ നിരവധി തവണ പങ്കെടുത്ത ചിത്രമെഴുത്തുകാരുടെ ക്യാമ്പിന് ആദ്യമായാണ് എൻ ഊര് വേദിയാകുന്നത്.
*കാട്ടുനായ്ക്കരുടെ കോൽക്കളി*
ചടുലതാളത്തിൽ കാടിൻ്റെ കഥയും ചുവടുമായി കാട്ടുനായ്ക്കരുടെ കോലടിയും ഞങ്ങ ഗോത്രോത്സവത്തിന് ആവേശം പകർന്നു. പൂക്കോട് എം.ആർ.എസ്സിലെ വിദ്യാർത്ഥികളാണ് കോൽക്കളി അവതരിപ്പിച്ചത്. കാർഷിക ഉത്സവമായ വിഷുവിന് മുന്നേ വൃതാനുഷ്ഠാന ചടങ്ങുകളോടെയാണ് കാട്ടുനായ്ക്കർ കോലടിയുമായി ഇറങ്ങുക. വനഗ്രാമങ്ങളിലെ വീടുവീടാന്തരം കയറി കിരീടധാരിയായ കോലധാരിയും സ്ത്രീ വേഷം കെട്ടിയ പ്രധാന വേഷക്കാരനും അനുഷ്ഠാന ആചാരവുമായാണ് ഇവരിറങ്ങുക. കാർഷിക വയനാടിൻ്റെ നല്ല കാലത്തിലേക്കുള്ള ഈരടികൾ പാടി കുടുംബനാഥനിൽ നിന്നും ദക്ഷിണയും സ്വീകരിച്ചാണ് ഇവർ മടക്കുക. വിഷുനാളിന് പുലർച്ചെ തിരുനെല്ലി പെരുമാളിൻ്റെ സന്നിധിയിലാണ് ഇവർ കോൽക്കളി അവസാനിപ്പിക്കുക. കാടിൻ്റെ ഉള്ളറകളിൽ നിന്നും ഗ്രാമജീവിത ചാരുതകളുമായി പുറപ്പെട്ടിറങ്ങുന്ന ഈ അനുഷ്ഠാനങ്ങളുടെയും സംഗമ വേദിയായി ഞങ്ങ ഗോത്രോത്സവം മാറുകയായിരുന്നു.
*ഞങ്ങ ഗോത്രാത്സവം സമാപിച്ചു.*
വയനാടിൻ്റെ തനത് ഗോത്രതാളവും ചുവടുമായി മൂന്ന് ദിവസം എൻ ഊരിനെ ഉത്സവ ലഹരിയിലാക്കിയ 'ഞങ്ങ' ഗോത്രോത്സവം സമാപിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് - വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് ത്രിദിന 'ഞങ്ങ' ഗോത്രവര്‍ഗ കലോത്സവം നടന്നത്.
കണിയാമ്പറ്റ എം.ആര്‍.എസ്. വിദ്യാര്‍ത്ഥികളുടെ പരമ്പരാഗത നൃത്തം, നാടന്‍പാട്ട്, തൃശ്ശിലേരി പി.കെ കാളന്‍ സ്മാരക ഗ്രോത്രകലയുടെ ഗദ്ദിക, നാടൻ പാട്ട് എന്നിവയാണ് ഗോത്രാത്സവത്തിൻ്റെ ആദ്യദിനം അരങ്ങ് വാണത്. ഗോത്ര ചിത്ര പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം എന്നിവ ഗോത്രോസവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.
ഗോത്രോസവത്തിൻ്റെ രണ്ടാം ദിനം നടത്തിയ കൽപ്പറ്റ ഉണര്‍വിന്റെ നാടന്‍ പാട്ടുകളും ദൃശ്യാവിഷ്കാരവും, നല്ലൂര്‍നാട് എം.ആര്‍.എസ്. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും കളിമൺ ശിൽപ്പശാലയും എൻ ഊരിൻ്റെ മനം കവർന്നു. ജില്ലയിലെ പ്രമുഖ ചിത്രകാരൻമാർ പങ്കെടുത്ത ചിത്രകലാ ക്യാമ്പ്, കല്‍പ്പറ്റ നന്തുണി മ്യൂസിക്സിന്റെ നാടന്‍ പാട്ട്, വട്ടക്കളി, തുടി, തെയ്യം തുടങ്ങിയ കലാപ്രകടനങ്ങളോടെയാണ് ഞങ്ങ ഗോത്രോസ് വ ത്തിന് തിരശ്ശീല വീണത്. പൂക്കോട് എം.ആര്‍.എസ്. വിദ്യാര്‍ത്ഥികൾ നടത്തിയ കലാപരിപാടികളും ഗോത്രോത്സവത്തിൻ്റെ സമാപന ദിവസത്തെ വേറിട്ടതാക്കി
- Log in to post comments