Skip to main content

വനിത കമ്മീഷന്‍ മെഗാ അദാലത്ത്; 18 കേസുകള്‍ തീര്‍പ്പാക്കി

      ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന വനിത കമ്മീഷന്‍ മെഗാ അദാലത്തില്‍ 18 കേസുകള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ സംസ്ഥാന അദ്ധ്യക്ഷ എം.സി. ജോസഫൈനിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അദാലത്തില്‍ 48 കേസുകള്‍ പരിഗണിച്ചു. മൂന്നു കേസുകള്‍ വനിത സെല്ലിനും ആറു കേസുകള്‍ വിവിധ വകുപ്പുകളുടെ അന്വേഷണത്തിനായും കൈമാറി. ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ട കേസില്‍ കൂടുതല്‍ നിയമോപദേശത്തിനായി വിട്ടു. വിവിധ കാരണങ്ങളാല്‍ 20 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
 
        കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകളായിരുന്നു കൂടുതലും.  അസുഖത്തെ തുടര്‍ന്നു കാലുമുറിച്ചു മാറ്റേണ്ടി വന്ന ഭര്‍ത്താവുമായുള്ള ദാമ്പത്യം പ്രശ്‌നം പരിഹരിക്കാന്‍ പ്രദേശിക തലത്തില്‍ നടപടി സ്വീകരിക്കുമെന്നും അതിനായി 11 ന് വീണ്ടും വരാമെന്നും അദ്ധ്യക്ഷ ഭാര്യയെ സമാധാനിപ്പിച്ചു. മറ്റൊരു കേസില്‍,  ജീവനാംശം  നല്‍കണമെന്ന കമ്മീഷന്റെ നിര്‍ദേശം സ്വീകരിക്കാത്ത വ്യക്തിക്കെതിരെ നിയമനടപടിയുമായി മൂന്നോട്ടു പോകാന്‍ കമ്മീഷന്‍ പിന്തുണ ഉറപ്പു നല്‍കി.

 തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ തൊഴിലുടമയില്‍ നിന്നും കടുത്ത ചൂഷണത്തിനു വിധേയമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തോട്ടമുടമ 1.29 ലക്ഷം രൂപയോളം ഗ്രാറ്റിവിറ്റി നല്‍കാതെ കബളിപ്പിച്ച സ്ത്രീയുടെ പരാതിയും അദാലത്തിലെത്തി. കേസില്‍ കക്ഷി ചേര്‍ക്കപ്പെട്ട തോട്ടമുടമകള്‍ പ്രതിനിധികളെ അദാലത്തിലയക്കുന്നത് അംഗീകരക്കാനാവില്ലെന്നും ഇത് കമ്മീഷനെതിരെയുള്ള നിഷേധാത്മക നിലപാടാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഇത്തരക്കാരോട് വിശദീകരണം ആവശ്യപ്പെടും.  വനിത കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജിയും യോഗത്തില്‍ പങ്കെടുത്തു.  
 

date