Skip to main content
റാന്നി പെരുനാട് പഞ്ചായത്തില്‍ ജനകീയാസൂത്രണം, കുടുംബശ്രീ പദ്ധതികളുടെ രജതജൂബിലി ആഘോഷവും 2022-23 വാര്‍ഷിക പദ്ധതി നിര്‍വഹണവും കാര്‍ഷിക കര്‍മ്മ സേന ഗുണഭോക്തൃ സംഗമത്തിന്റെയും പൊതുസമ്മേളനം ഉദ്ഘാടനം മഠത്തുമൂഴി ശബരിമല ഇടത്താവളത്തില്‍ കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിക്കുന്നു

മൂല്യവര്‍ധിത കൃഷിയിലേക്ക് തിരിയണം: മന്ത്രി പി. പ്രസാദ്

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കൃഷി ചെയ്ത് ലോകോത്തര ബ്രാന്‍ഡുകളില്‍ വില്‍പന ചെയ്യാന്‍ കര്‍ഷകര്‍ക്ക് സാധിക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. റാന്നി പെരുനാട് പഞ്ചായത്തില്‍ ജനകീയാസൂത്രണം, കുടുംബശ്രീ പദ്ധതികളുടെ രജതജൂബിലി ആഘോഷവും 2022-23 വാര്‍ഷിക പദ്ധതി നിര്‍വഹണവും കാര്‍ഷിക കര്‍മ്മ സേന ഗുണഭോക്തൃ സംഗമത്തിന്റെയും പൊതുസമ്മേളനം ഉദ്ഘാടനം മഠത്തുമൂഴി ശബരിമല ഇടത്താവളത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര ബ്രാന്‍ഡിംഗ് നടത്തി  വില്‍ക്കുന്നതിലൂടെയും കാര്‍ഷിക കര്‍മ സേനയെ ചിട്ടപെടുത്തി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെയും വരുമാനം ലഭ്യമാക്കാന്‍ സാധിക്കും. കാര്‍ഷിക മേഖലയിലെ തൊഴില്‍ സേന യന്ത്രവത്കൃതസേനയായി മാറുന്നതിലൂടെ  കര്‍ഷകനെയും തൊഴിലാളിയേയും ഒരുപോലെ സഹായിക്കാനാകും. റാന്നി പെരുനാട് പഞ്ചായത്തില്‍ കാര്‍ഷിക കര്‍മ സേനയ്ക്ക് ആവശ്യമായ യന്ത്ര സാമഗ്രികള്‍ കൃഷി വകുപ്പിന്റെ സഹായത്തോടെ നല്‍കുമെന്നും മന്ത്രി പറഞ്ഞു. വീട്ടില്‍ ഒരു പച്ചക്കറി പദ്ധതിയുടെ ആനുകൂല്യങ്ങളും ഫലവൃക്ഷത്തൈകളും മന്ത്രി വിതരണം ചെയ്തു.

 

കൃഷി കുറയുന്ന പക്ഷം ലാഭത്തിനു വേണ്ടി മോശപ്പെട്ട രീതിയില്‍ കച്ചവടങ്ങള്‍ കൂടുന്നതു വഴി  രോഗങ്ങള്‍ ഉണ്ടാകും. നമ്മുടെ ഭക്ഷണ രീതിയും ജീവിത ശൈലിയും രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിന്റെ അവ ഒഴിവാക്കാനായി നാം കൃഷിയിലേക്ക് മുന്നിട്ടിറങ്ങണം. ലോകത്തിന് മാതൃകയാക്കാന്‍ കഴിയുന്ന  സംവിധാനമായി കുടുംബശ്രീ കേരളത്തില്‍ മാറിയെന്നും സ്ത്രീകള്‍ സാമ്പത്തിക ശക്തിയായി മാറിയെന്നും മന്ത്രി പറഞ്ഞു.

 

സ്ത്രീകളുടെ ആത്മധൈര്യമാണ് കുടുംബശ്രീയെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. സംരംഭകത്വത്തിലും സാക്ഷരതയിലും സാമൂഹ്യ മുന്നേറ്റത്തിനുമൊപ്പം പുതിയ  കേരളമെന്ന സ്വപ്നത്തിന്റെ സാക്ഷത്കരണമാണ് കുടുംബശ്രീ. അഭിമാനകരമായ നേട്ടങ്ങളിലൂടെ റാന്നി പെരുനാട് പഞ്ചായത്ത് മുന്നേറുകയാണെന്നും എംഎല്‍എ പറഞ്ഞു.

 

ആധുനിക കാലത്തെ കൂട്ടുകുടുംബമായി കുടുംബശ്രീ വളര്‍ന്നുവെന്നും പുതിയ തലമുറയ്ക്ക് മാതൃകാപരമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുവാന്‍ കുടുംബശ്രീയിലൂടെ സാധ്യമാകണമെന്നും കുടുംബശ്രീ രജത ജൂബിലി ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.    

 

പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി പെരുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. ശ്യാം, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ്. സുകുമാരന്‍, ഗ്രാമപഞ്ചായത്ത് അംഗം എ.എസ്. വര്‍ഗീസ്, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, സിഡിഎസ് ചെയര്‍മാന്‍ രജനി ബാലന്‍ തുടങ്ങിയര്‍ പങ്കെടുത്തു.

date