തൊഴിലുറപ്പ് ദിനങ്ങളിൽ സെഞ്ചുറി തികച്ച് ദമ്പതിമാർ
പാണാവള്ളി: പാണാവള്ളി പഞ്ചായത്തിലെ പതിനാറാം വാർഡുകാരായ വേലപ്പനും ശാന്തമ്മയും ജില്ലയിൽ ഒരു പുതുചരിത്രമെഴുതിയിരിക്കുകയാണ്. ജില്ലയിൽ ആദ്യമായി തൊഴിലുറപ്പ് പദ്ധതിയിൽ പട്ടികജാതി വിഭാഗത്തിൽ 100 ദിവസം പൂർത്തിയാക്കിയ കുടുംബം എന്ന ബഹുമതി പാണാവള്ളി ഗ്രാമ പഞ്ചായത്തിലെ വേലപ്പൻ ശാന്തമ്മ ദമ്പതിമാരാണ് നേടിയിരിക്കുന്നത്. വേലപ്പന് പ്രായം 69 ആയി. ശാന്തമ്മയ്ക്ക് 60 ഉം.
ഒരു കുടുംബത്തിന് ഒരു സാമ്പത്തിക വർഷം 100 തൊഴിൽ ദിനങ്ങളാണ് തൊഴിലുറപ്പ് പദ്ധതി ഉറപ്പ് നൽകുന്നത്.നടപ്പ് സാമ്പത്തിക വർഷം ആരംഭിച്ച് നാല് മാസം പിന്നിടുമ്പോഴാണ് ഇവർ 100 ദിനം കൈവരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ജില്ലയിലെ ശരാശരി ഒരു കുടുംബം 20ഓളം തൊഴിൽ ദിനങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് വേലപ്പൻ-ശാന്തമ്മ ദമ്പതിമാർക്ക് 100 തൊഴിൽ ദിനങ്ങൾ എന്ന അപൂർവ്വ നേട്ടം കൈവരിക്കാനായത്. കഴിഞ്ഞ 8 വർഷത്തോളമായി തൊഴിലുറപ്പ് പദ്ധതി തന്നെയാണ് വേലപ്പൻ-ശാന്തമ്മ ദമ്പതിമാരുടെ പ്രധാന വരുമാന മാർഗ്ഗം.
പതിനാറാം വാർഡിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപെട്ട് വൃക്ഷതൈ നേഴ്‌സറിയിലാണ് കഴിഞ്ഞ തൊഴിൽ ദിനങ്ങളിൽ ഇവർ ജോലി ചെയ്തിരുന്നത്. വൃക്ഷത്തൈ നടീലും അതിന്റെ പരിപാലനവും പ്രവർത്തിയിലും പങ്കാളികളായതിലൂടെയാണ് ഇവർ 100 ദിനം പൂർത്തിയാക്കിയത്.
100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ വേലപ്പൻ-ശാന്തമ്മ ദമ്പതികളെ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ് പൊന്നാട അണിയിച്ചും ,തൊഴിലുറപ്പ് ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ വിനോദിനി മൊമന്റോ നൽകിയും ആദരിച്ചിരുന്നു.
(പി.എൻ.എ. 2216/2018)
ക്ഷീരകർഷകർക്ക് ആശ്വാസമായി മൃഗസംരക്ഷണ വകുപ്പിന്റെ കാലിത്തീറ്റ സഹായം
പാണാവള്ളി:പാണാവള്ളി പഞ്ചായത്തിൽ മഴക്കാല ദുരിതമനുഭവിക്കുന്ന ക്ഷീരകർഷകർക്ക് മൃഗസംരക്ഷണ വകുപ്പിന്റെ സഹായമായ കാലിത്തീറ്റ വിതരണം നടത്തി. 39 ചാക്ക് കാലിത്തീറ്റയാണ് ഈ ഇനത്തിൽ വിതരണം ചെയ്തത്. ജില്ലയിൽ ഈ സഹായം ലഭിക്കുന്ന 15 പഞ്ചായത്തുകളിൽ ഒന്നാണ് പാണാവള്ളി. സമയബന്ധിതമായി വകുപ്പും പഞ്ചായത്തും സർക്കാരിനെ വിവരങ്ങൾ ധരിപ്പിച്ചതിനാലാണ് ഈ സഹായം ലഭിച്ചത്.എടപ്പങ്ങഴി ക്ഷീരസംഘത്തിൽ നടന്ന ചടങ്ങിൽ വികസന കാര്യ ചെയർമാൻ പ്രേംലാൽ ഇടവഴിക്കൽ അദ്ധ്യക്ഷനായി .പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് വിവേകാനന്ദ ഉദ്ഘാടനം ചെയ്തു.ആരോഗ്യം വിദ്യാഭ്യാസ ചെയർമാൻ ജഗ സുശീലൻ സ്വാഗതം പറഞ്ഞു.വെറ്റിനറി സർജൻ ഡോ. മനു ജയൻ പദ്ധതി വിശദീകരിച്ചു. ബോർഡ്. മെമ്പർമാരായ സണ്ണി ജോൺ, അശോകൻ എന്നിവർ സംസാരിച്ചു.
(പി.എൻ.എ. 2217/2018)
- Log in to post comments