Skip to main content

സ്വാതന്ത്ര്യദിനാഘോഷം : മന്ത്രി മാത്യു ടി.തോമസ് മുഖ്യാതിഥിയാകും

 

ഭാരതത്തിന്റെ 72-ാമത് സ്വാതന്ത്ര്യദിനം 15ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മുഖ്യാതിഥിയായ ജലവിഭവ മന്ത്രി മാത്യു ടി.തോമസ് ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. 

രാവിലെ എട്ടിന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിക്കും. 8.10ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.30ന് മുഖ്യാതിഥിയായ മന്ത്രി മാത്യു ടി.തോമസ് എത്തുന്നതോടെ സേനാംഗങ്ങളുടെ സല്യൂട്ട്. 8.35ന് മുഖ്യാതിഥി ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് യൂണിഫോമിലുള്ള എല്ലാ ഓഫീസര്‍മാരും ദേശീയ പതാകയെ സല്യൂട്ട് ചെയ്യും. 

8.40ന് പരേഡ് കമാന്‍ഡര്‍ മുഖ്യാതിഥിക്കു മുന്‍പാകെ എത്തിയശേഷം മുഖ്യാതിഥി പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിക്കും. 8.45ന് പരേഡ് മാര്‍ച്ച്പാസ്റ്റ് ആരംഭിക്കും. പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, വനം, എക്‌സൈസ്, എന്‍.സി.സി തുടങ്ങിയവയുടെ പ്ലാറ്റൂണുകളും വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ബാന്റ് സെറ്റ് ടീമുകളും  മാര്‍ച്ച്പാസ്റ്റില്‍ അണിനിരക്കും. 8.55ന് മുഖ്യാതിഥി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ഒന്‍പതിന് പോലീസ് മെഡല്‍ വിതരണവും സമ്മാനദാനവും നടക്കും. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളും  നടക്കും.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ വീക്ഷിക്കുന്നതിന് പൊതുജനങ്ങള്‍ രാവിലെ 7.30ന് ജില്ലാ സ്റ്റേഡിയത്തില്‍ എത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണമെന്നും പൂര്‍ണമായും ഹരിത മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കണം സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. എല്ലാ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കണം. സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എ.ആര്‍. ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റിനാണ്.  

                                                                            (പിഎന്‍പി 2274/2018)

date