Skip to main content
വനസൗഹൃദസദസിന് മുന്നോടിയായി പത്തനംതിട്ട റസ്റ്റ്ഹൗസില്‍ ചേര്‍ന്ന സംഘാടക സമിതിയോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു.

വന സൗഹൃദസദസ് നിയമപരമായ പരിഹാരം കാണുന്ന വേദിയായി  മാറണം- അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

ജില്ലയിലെ വനാതിര്‍ത്തിയില്‍ ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് നിയമപരമായ പരിഹാരം കാണുന്ന വേദിയായി വന സൗഹൃദസദസ് മാറണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലയില്‍ ഏപ്രില്‍ 23 ന് നടക്കുന്ന വനസൗഹൃദസദസിന് മുന്നോടിയായി പത്തനംതിട്ട റസ്റ്റ്ഹൗസില്‍ ചേര്‍ന്ന സംഘാടക സമിതിയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.
വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മുന്‍പില്ലാത്തവിധം സങ്കീര്‍ണവും സംഘര്‍ഷവും ആകുന്ന സാഹചര്യത്തിലാണ് വന സൗഹൃദസദസ് പ്രാധാന്യത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വനം വകുപ്പ് മന്ത്രിക്കൊപ്പം ജില്ലയിലെ മന്ത്രിയും ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന പരിപാടിയില്‍ വനാതിര്‍ത്തിയില്‍ താമസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും ജീവല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും.
വന്യമൃഗ ശല്യം, നിയമപരമായ നടപടിക്രമങ്ങള്‍, വകുപ്പുകളുടെ ഏകോപനം തുടങ്ങി പരിഹരിക്കപ്പെടേണ്ട വിഷയങ്ങള്‍ ജില്ലയില്‍ ഉണ്ട്. മലയോര മേഖലയിലെ കര്‍ഷകര്‍ ഉള്‍പ്പെടെ അഭിമുഖികരിക്കുന്ന ധാരാളം പ്രശ്നങ്ങള്‍ ഉണ്ട്. നിയമപരമായി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട കാര്യങ്ങള്‍ പോലും അനുവദിക്കാത്ത സാഹചര്യങ്ങള്‍  ഉണ്ട്. വനം വകുപ്പിന്റെ നടപടിക്രമങ്ങള്‍ വൈകുന്നതു കൊണ്ട് പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ തുക നഷ്ടമാകുന്ന സ്ഥിതിയും ഉണ്ടാകുന്നു. ഇതിന് ശ്വാശത പരിഹാരം ഉണ്ടാകണം.
വന സൗഹൃദ സദസ് നടന്ന ജില്ലകളില്‍ ജനങ്ങളുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് മാറ്റം ഉണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ട്. അതിനാല്‍ എല്ലാ വകുപ്പുകളും അതീവ പ്രാധാന്യത്തോടെ ജില്ലയിലെ വനസൗഹൃദസദസ് ഏറ്റെടുക്കണം. വനം വകുപ്പ് ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടത് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശം സമൂഹത്തിന് നല്‍കാന്‍ സാധിക്കണം. വന്യമൃഗങ്ങളുടെ കാര്യത്തില്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം കൊടുക്കുന്ന നിലയിലേക്ക് ഉയര്‍ന്ന് വരാന്‍ വനം വകുപ്പ് ഉദ്യേഗസ്ഥര്‍ക്ക് സാധിക്കണമെന്നും എംഎല്‍എ പറഞ്ഞു.
വന അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ ജനങ്ങളുടെ വിവിധ പ്രശ്നങ്ങളില്‍ സാധ്യമായവയ്ക്ക് പരിഹാരം കാണുകയും അല്ലാത്തവ നിയമ നിര്‍മാണത്തിലൂടെയും പ്രയോഗികമായ വഴികളിലൂടെയും പരിഹാരം കാണുന്നതിനാണ് വനസൗഹൃദസദസ് സംഘടിപ്പിക്കുന്നത്. ജില്ലയില്‍ ഏപ്രില്‍ 23 ന് ചിറ്റാറില്‍ വച്ചാണ് വനസൗഹൃദസദസ് നടക്കുന്നത്. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ജില്ലയിലെ എംഎല്‍എമാരുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തി പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തും.
വന അതിര്‍ത്തി പങ്കിടുന്ന ജനപ്രതിനിധികളും രജിസ്ട്രേഷന്‍, മൃഗസംരക്ഷണം, കൃഷി വകുപ്പുകളും നേരിടുന്ന പ്രശ്നങ്ങളും വനം വകുപ്പ് നല്‍കുന്ന സേവനങ്ങളിലെ അപാകതകളും യോഗം ചര്‍ച്ച ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, റാന്നി ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ. ജയകുമാര്‍ ശര്‍മ്മ, അഡീഷണല്‍ സിസ്ട്രിക്ട് മജിസ്ട്രേറ്റ് ബി. രാധകൃഷ്ണന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ പി.എസ്. മോഹനന്‍, വടശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍, സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രമോദ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
  
 

 

date