Skip to main content
മഴക്കെടുതി വിലയിരുത്താനെത്തിയ കന്ദ്രസംഘത്തലവന്‍ എ.വി.ധര്‍മറെഡ്ഡി ജില്ലാ കളക്ടറില്‍ നിന്ന് വിവരങ്ങള്‍ ആരായുന്നു.

ജില്ലയിലെ പ്രളയക്കെടുതികള്‍ കേന്ദ്രസംഘം വിലയിരുത്തി

 

ജില്ലയിലെ പ്രളയക്കെടുതികള്‍ സൂക്ഷ്മമായി വിലയിരുത്തി കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി എ.വി.ധര്‍മറെഡ്ഡിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് തിരുവല്ല താലൂക്കിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രളയക്കെടുതികള്‍ വിലയിരുത്തിയത്. രാവിലെ ഒമ്പതിന് തിരുവല്ല എലൈറ്റ് ഹോട്ടലില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ്, വീണാജോര്‍ജ് എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ജില്ലയിലെ പ്രളയക്കെടുതികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര സംഘത്തിന് മുമ്പാകെ അവതരിപ്പിച്ചു. ജില്ല രൂപീകൃതമായി 36 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആദ്യമായാണ് ഇത്രയും രൂക്ഷമായ പ്രളയക്കെടുതി നേരിടുന്നതെന്നും പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍ എന്നീ നദികളിലെ ജലനിരപ്പ് ഉയര്‍ന്നതുമൂലം രൂക്ഷമായ കെടുതികളാണ് ജില്ലയുടെ താഴ്ന്ന പ്രദേശമായ തിരുവല്ല താലൂക്കിലും മറ്റ് പ്രദേശങ്ങളിലും അനുഭവപ്പെടുന്നതെന്നും കളക്ടര്‍ സംഘത്തെ അറിയിച്ചു. തിരുവല്ല ആര്‍ഡിഒ ടി.കെ.വിനീത് കാലവര്‍ഷക്കെടുതികള്‍ സംബന്ധിച്ച വിശദമായ അവതരണം നടത്തി.  

ജില്ലയില്‍ കാലവര്‍ഷക്കെടുതികളില്‍ 13 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും 20 വീടുകള്‍ പൂര്‍ണമായും 5493 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ജില്ലാ കളക്ടര്‍ കേന്ദ്രസംഘത്തെ അറിയിച്ചു. 1387.75 ഹെക്ടറില്‍ കൃഷിനാശം ഉണ്ടായതിലൂടെ 1044 കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്നു. 14 സ്‌കൂളുകള്‍ക്കും 20 അങ്കണവാടികള്‍ക്കും ആറ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പ്രളയക്കെടുതി നേരിടുന്നതിന് 108 ക്യാമ്പുകളാണ് തുറന്നിരുന്നത്. 2538 കുടുംബങ്ങളിലെ 9353 ആളുകളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നത്. ആളുകളെ മാറ്റിപ്പാര്‍പ്പിച്ച 108 ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പുറമേ 65 സ്ഥലങ്ങളില്‍ ഭക്ഷണവിതരണത്തിനുള്ള ക്യാമ്പുകളും പ്രവര്‍ത്തിച്ചിരുന്നു.  തിരുവല്ല താലൂക്കിലെ എല്ലാ വില്ലേജുകളെയും പ്രളയക്കെടുതി ബാധിച്ചിരുന്നു. 844.65 കി.മീ. റോഡുകളാണ് ജില്ലയില്‍ കാലവര്‍ഷക്കെടുതികളില്‍ തകര്‍ന്നത്. 23 പാലങ്ങള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന് വന്‍തോതില്‍ നാശനഷ്ടം സംഭവിച്ചിട്ടുള്ളതായി അറിയിച്ചു. തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, കാവുംഭാഗം, നെടുമ്പ്രം വില്ലേജുകളെ സംസ്ഥാന സര്‍ക്കാര്‍ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിച്ചിട്ടുള്ളതായും സംഘത്തെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഡാമുകള്‍ തുറക്കുകയും മഴ ശക്തിപ്പെടുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങള്‍ വീണ്ടും ദുരിതത്തിലായതിനാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ കൂടി ചേര്‍ത്ത് പുതിയ റിപ്പോര്‍ട്ട് സംഘത്തിന് നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. 

കാവുംഭാഗം വില്ലേജിലെ കഴുപ്പില്‍ കോളനിയാണ് സംഘം ആദ്യം സന്ദര്‍ശിച്ചത്. ഇവിടെ ജലനിരപ്പ് താഴ്ന്നതുമൂലം ജനങ്ങള്‍ വീടുകളില്‍ മടങ്ങിയെത്തിയിട്ടുണ്ടെങ്കിലും    ഡാമുകള്‍ തുറന്ന പശ്ചാത്തലത്തില്‍ വീണ്ടും ആശങ്കയിലാണെന്ന് കോളനി നിവാസികള്‍ സംഘത്തോട് പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് ജനങ്ങളുടെ ആവലാ തികള്‍ പരിഭാഷപ്പെടുത്തി കേന്ദ്രസംഘത്തെ ധരിപ്പിച്ചു. ഈ പ്രദേശത്ത് തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ കിണറുകള്‍ മലിനമാകുന്നതും ഗതാഗത സംവിധാനങ്ങള്‍ താറുമാറാകുന്നതുമാണെന്നും പ്രദേശവാസികള്‍ സംഘത്തെ അറിയിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ച് നല്‍കുന്നുണ്ടെന്നും ഭക്ഷണം, മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയ്ക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു. 

തുടര്‍ന്ന് സംഘം എത്തിയത് കാവുംഭാഗം വില്ലേജിലെ തന്നെ മുണ്ടിയപ്പള്ളി കോളനിയിലായിരുന്നു. വെള്ളക്കെട്ടാല്‍ ചുറ്റപ്പെട്ട ഇവിടുത്തെ പല വീടുകളിലും വെള്ളം   പൂര്‍ണമായും ഇറങ്ങിയിട്ടില്ല. ഡാമുകള്‍ തുറന്ന സാഹചര്യത്തില്‍ അടിയന്തര ഘട്ടമുണ്ടായാ ല്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ആവശ്യമായ എല്ലാ അടിയന്തര സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതായും ജില്ലാ കളക്ടര്‍ സംഘത്തെ അറിയിച്ചു. 

പുളിക്കീഴ് ഷുഗര്‍ ഫാക്ടറിക്ക് സമീപമുള്ള സീറോലാന്‍ഡ് ഏരിയയിലായിരുന്നു സംഘത്തിന്റെ അടുത്ത സന്ദര്‍ശനം. ഇവിടെ ഒറ്റപ്പെട്ട തുരുത്തുകളില്‍ കഴിയുന്ന കുടുംബങ്ങളെ പൂര്‍ണമായും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റുള്ളവര്‍ ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്. ഇവിടുത്തെ മിക്ക വീടുകളിലും ക്യാമ്പിലും സംഘം എത്തുകയും ജനങ്ങളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുകയും  ചെയ്തു.     സര്‍ക്കാരില്‍ നിന്നും പ്രാദേശിക ഭരണകൂടത്തില്‍ നിന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും എല്ലാ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ രൂക്ഷമായ വെള്ളപ്പൊക്കം ഭാവിയില്‍ ഉണ്ടായാല്‍ സുരക്ഷിതമായ രീതിയില്‍ വീടുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ സഹായമാണ് വേണ്ടതെന്നും ഇവര്‍ സംഘത്തെ അറിയിച്ചു. 

കടപ്ര വില്ലേജിലെ കോയിച്ചിറ കോളനി, നിരണം വില്ലേജിലെ സെന്റ് ജോര്‍ജ് ചര്‍ച്ച് ഭാഗം, നിരണം ഡക്ക് ഫാം തുടങ്ങിയ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തി കേന്ദ്രസംഘം വിവരങ്ങള്‍ ശേഖരിച്ചു. 

കേന്ദ്ര ധനകാര്യ മന്ത്രായലത്തിലെ ജോയിന്റ് ഡയറക്ടര്‍ എസ്.സി.മീണ, കേന്ദ്ര ജല കമ്മീഷനിലെ തീരദേശ മണ്ണൊലിപ്പ് ഡയറക്ടര്‍ തങ്കമണി, കേന്ദ്ര കൃഷി മന്ത്രാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ചാഹത്ത് സിംഗ് എന്നിവരാണ് കേന്ദ്രസംഘത്തിലുണ്ടായിരുന്നത്. എഡിഎം പി.റ്റി.എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, തിരുവല്ല തഹസീല്‍ദാര്‍ ശോഭന ചന്ദ്രന്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.         (പിഎന്‍പി 2308/18)

date