അഞ്ച് തീരദേശ റോഡുകളുടെ നിർമാണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ മണ്ഡലത്തിൽ നിർമിക്കുന്ന അഞ്ച് തീരദേശ റോഡുകളുടെ നിർമാണോദ്ഘാടനം ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. മംഗലം യുവരശ്മി വായനശാലയ്ക്ക് സമീപം നടന്ന ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
ആലപ്പുഴ നഗരസഭയിലെ മംഗലം വാർഡിലെ ബ്രിട്ടീഷ് പാട്ടം റോഡ്(50.6 ലക്ഷം), മന്നത്ത് വാർഡിൽ വാരിയത്ത് ഭഗവതി ക്ഷേത്രം റോഡ്(45.70 ലക്ഷം), കൊമ്മാടി വാർഡിലെ അഞ്ചുതൈയ്യിൽ റോഡ്(12.90 ലക്ഷം), കിടങ്ങാപറമ്പ് വാർഡിലെ ദേവീ നഗർ റോഡ്( 11.60 ലക്ഷം), കാളാത്ത് വാർഡിലെ ലിയോ തേർട്ടീൻ തടിയ്ക്കൽ കട്ടപ്പുല്ലിൽ റോഡ് ( 60 ലക്ഷം) എന്നീ റോഡുകളുടെ നിർമാണോദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ ജോമോൻ കെ. ജോർജ് ഓൺലൈനായി റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ കെ.എ. ജെസിമോൾ, ലിന്റാ ഫ്രാൻസിസ്, ഹാർബർ എൻജിനീയറിങ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്. ഷാർമിലി, ഉദ്യേഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments