ഇഷ്ട ഗാനങ്ങളുമായി സിദ്ധാർഥും സംഘവും; ആവേശക്കൊടുമുടിയിൽ യുവത
യുവതയെ ആവേശ കൊടുമുടിയിൽ എത്തിച്ച് സിദ്ധാർഥ് മേനോനും സംഘവും. ഫാസ്റ്റ് നമ്പറുകളും മെലഡിയും ഇടകലർത്തി പുതിയതും പഴയതുമായ ഹിറ്റ് പാട്ടുകൾ പാടി ഫാൻസിനെ ഒപ്പം ചുവടുവെപ്പിച്ച് സിദ്ധാർഥ് അക്ഷരാർത്ഥത്തിൽ എന്റെ കേരളം മേളയെ യുവതയുടെ ആഘോഷമാക്കി മാറ്റി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ അഞ്ചാം ദിവസമാണ് സിദ്ധാർഥും സംഘവും കടപ്പുറം ഇളക്കിമറിച്ചത്.
പാട്ടും പാടി ആർത്തു വിളിക്കുന്ന ആരാധകർക്കിടയിലൂടെയാണ് സിദ്ധാർഥ് വേദിയിലേക്ക് കടന്നു വന്നത്. ചിക്ക് ബുക്ക് ചിക്ക് ബുക്ക് റൈലേ, കൈതോല പായവിരിച്ച്, അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്, അയല മത്തി ചൂര, കാന്താ ഞാനും വരാം... തുടങ്ങി പിന്നീടങ്ങോട്ട് പാടിയ ഓരോ പാട്ടിനും സദസ്സ് ഇളകിമറിയുന്ന കഴ്ചയ്ക്കാണ് ആലപ്പുഴ കടപ്പുറം സാക്ഷിയായത്.
സിദ്ധാർത്ഥ് മേനോൻ്റെ നേതൃത്വത്തിൽ അഞ്ച് കലാകാരന്മാർ ചേർന്നാണ് പരിപാടി അവതരിപ്പിച്ചത്.
- Log in to post comments