Skip to main content

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം അനിവാര്യം - ജില്ലാ കളക്ടര്‍

 

ജില്ല അതിരൂക്ഷമായ പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ദുരിതാബാധിതരെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം പൊതുജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സജീവ പങ്കാളിത്തമുണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അഭ്യര്‍ഥിച്ചു. തിരുവല്ല താലൂക്കിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. വീട് നഷ്ടപ്പെട്ടത് ഉള്‍പ്പെടെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് റവന്യു വകുപ്പ് വ്യക്തമായ കണക്കെടുപ്പ് നടത്തിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങളും താമസ സൗകര്യവും സര്‍ക്കാര്‍       ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ മറ്റ് നാശനഷ്ടങ്ങള്‍ നികത്തുന്നതിന് പൊതുജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണ്. എത്ര ചെറുതാണെങ്കിലും ഓരോ വ്യക്തികളുടെയും സംഭാവനകള്‍ ദുരിതബാധിതര്‍ക്ക് വലിയ ഒരു കൈത്താങ്ങാകും. വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള എന്തുതരം ഉത്പപന്നങ്ങളും വാങ്ങി പൊതുജനങ്ങള്‍ക്ക് കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തില്‍ എത്തിക്കാം. ഓണ്‍ലൈനായും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് ദുരിതബാധിതരെ സഹായിക്കുന്നതിന് എത്തിക്കുവാന്‍ കഴിയും. പൊതുജനങ്ങള്‍ പരമാവധി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാന്‍ ശ്രമിക്കണം. എല്ലാവരുടെയും കൂട്ടായ്മകൊണ്ട് മാത്രമേ ദുരിതബാധിതരെ സഹായിക്കുവാന്‍ കഴിയൂ എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതിനായി സന്നദ്ധസംഘടനകളും വ്യാപാരി വ്യവസായി സംഘടനകളും ഇതര സംഘടനകളും പൊതുജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. 

                 (പിഎന്‍പി 2329/18)

date