Skip to main content
സലീമിനും സരോജിനിയ്ക്കുമുൾപ്പടെ നിരവധി പേർക്ക് പ്രതീക്ഷയുടെ കൈത്താങ്ങായി കാർത്തികപ്പള്ളി അദാലത്ത്

സലീമിനും സരോജിനിയ്ക്കുമുൾപ്പടെ നിരവധി പേർക്ക് പ്രതീക്ഷയുടെ കൈത്താങ്ങായി കാർത്തികപ്പള്ളി അദാലത്ത്

റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗം ആക്കണമെന്ന ആവശ്യവുമായാണ് ഹരിപ്പാട് കുമാരപുരം സ്വദേശി പി. സലീമും ആറാട്ടുപുഴ മുണ്ടശ്ശേരി സരോജിനിയും  കാര്‍ത്തികപ്പള്ളി താലൂക്ക് അദാലത്തില്‍ എത്തിയത്. പാന്‍ക്രിയാസ് അര്‍ബുദ ബാധിതനായ സലീമിൻറെ  ചികിത്സ തിരുവനന്തപുരം ആര്‍സിസിയിലാണ് ചെയ്തുവരുന്നത്. രണ്ടാഴ്ച കൂടുമ്പോള്‍ കീമോ ചെയ്യണം. ഇതിനോടകം 15 കീമോ കഴിഞ്ഞു. ഇതുവരെ കാരുണ്യ പദ്ധതിയിലൂടെയാണ് ചികിത്സ നടത്തിയത്. എന്നാല്‍ പദ്ധതിയുടെ പരിധി തീര്‍ന്നതിനാല്‍ ചികിത്സ മുടങ്ങുമെന്ന അവസ്ഥയിലായി. ഈ അവസരത്തിലാണ് മന്ത്രി പി.പ്രസാദ് നേരിട്ടു പങ്കെടുക്കുന്ന അദാലത്തില്‍ പരാതി നല്‍കാമെന്ന് സലീം തീരുമാനിച്ചത്. 

ഒറ്റത്തവണ കീമോയ്ക്കും മരുന്നിനും മാത്രമായി 18,000 രൂപ വേണം. ബി.പി.എല്‍. റേഷന്‍ കാര്‍ഡ് ലഭിച്ചാല്‍ ഇതില്‍ ഇളവുലഭിക്കും. സലീമിന്റെ അവസ്ഥ അദാലത്തില്‍ കേട്ട് പ്രത്യേക പരിഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. പ്രവാസിയായിരുന്ന സലിം ഒമ്പത് വര്‍ഷം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഒന്നര വര്‍ഷം മുന്‍പാണ് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. പരുമല ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ആര്‍സിസിയിലേക്ക് മാറിയത്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് സലീമിന്റെ കുടുംബം. 
ആറാട്ടുപുഴ സ്വദേശിയായ സരോജിനിക്കും സർക്കാരിന്റെ കരുതൽ ലഭിച്ചു.  പട്ടികജാതി വിഭാഗക്കാരിയായ സരോജിനി മകളുടെ വിവാഹ ആവശ്യത്തിനായി വീടും സ്ഥലവും വിറ്റു. പിന്നീട് ബന്ധുക്കൾക്ക് ഒപ്പവും വാടകവീട്ടിലും ആണ് സരോജിനി താമസിച്ചിരുന്നത്. പട്ടികജാതി വികസന ഓഫീസിൽ നിന്ന് ലഭിച്ച ധനസഹായം കൊണ്ട് വാങ്ങിയ ഭൂമിയിൽ ഷെഡ് കെട്ടിയാണ് സരോജിനി ഒറ്റയ്ക്ക് താമസിക്കുന്നത്. നിരാലംബയായ ഇവർക്ക്  റേഷൻ കാർഡ് ലഭിച്ചിരുന്നില്ല.   തൊഴിലറപ്പ് തൊഴിലാളിയായ സരോജിനിക്ക് മറ്റു വരുമാനങ്ങൾ ഒന്നുമില്ല.  തുടർന്നാണ് സരോജിനി കാർത്തികപ്പള്ളി താലൂക്ക് തല അദാലത്തിൽ റേഷൻ കാർഡിനായി അപേക്ഷ നൽകിയത്. അപേക്ഷ പരിഗണിച്ചു സരോജിനിക്ക് എ ഐ വൈ കാർഡ് അനുവദിക്കുകയായിരുന്നു. ഭക്ഷ്യധാന്യങ്ങൾ അനുവദിച്ചിട്ടുള്ള സൗജന്യ നിരക്കിൽ ലഭിക്കുമെന്ന ആശ്വാസവുമായാണ് ഇരുവരും അദാലത്ത് വേദി വിട്ടത്.

date