Skip to main content
ഈ സർക്കാർ അഴിമതിയോട് സന്ധി ചെയ്യില്ല-മന്ത്രി പി. പ്രസാദ്  -ജില്ലയിലെ താലൂക്ക് തല അദാലത്തുകൾക്ക് സമാപനമായി

ഈ സർക്കാർ അഴിമതിയോട് സന്ധി ചെയ്യില്ല-മന്ത്രി പി. പ്രസാദ്  -ജില്ലയിലെ താലൂക്ക് തല അദാലത്തുകൾക്ക് സമാപനമായി

സംസ്ഥാന സർക്കാർ ഒരുതരത്തിലും അഴിമതിക്കാരോട് സന്ധി ചെയ്യില്ലെന്ന്
മന്ത്രി പി പ്രസാദ് പറഞ്ഞു. അദാലത്ത് ഒരു സന്ദേശമാണ്. ചില ജീവനക്കാർ ഇപ്പോഴും ബ്രിട്ടീഷ് പാരമ്പര്യം തുടർന്നുപോകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ താലൂക്കുകളിൽ നടന്നുവരുന്ന മന്ത്രിതല താലൂക്ക് അദാലത്തിന് കാർത്തികപ്പള്ളിയിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ സേവനം അവകാശമാണ്,ഔദാര്യമല്ല. തമ്പുരാക്കന്മാരായി ഉദ്യോഗസ്ഥർ മാറേണ്ടതില്ല . ഒരു വിഭാഗം ജീവനക്കാർ ചട്ടവും നിയമങ്ങളും ഉദ്ദേശിക്കുന്നതിലുമധികം വ്യാഖ്യാനിക്കുന്നു. നിയമങ്ങൾക്കും ചട്ടങ്ങൾക്കും അകത്തു നിന്ന് ചെയ്യാൻ കഴിയുന്ന സേവനം ചെയ്യുക എന്നതാണ് ജീവനക്കാരുടെ ബാധ്യത. 
അദാലത്ത് തീരുമാനങ്ങൾ നടപ്പാക്കിയെന്ന് തുടർന്നും ഉറപ്പാക്കും.താലൂക്കുകളിൽ എടുത്ത തീരുമാനങ്ങളുടെ അവശേഷിക്കുന്ന അപേക്ഷകളുടെ പരിശോധനയും വിലയിരുത്തലും നടത്തുന്നതിന് മന്ത്രിതല യോഗത്തിന് മന്ത്രസഭ തന്നെ തീയതി തീരുമാനിച്ചിട്ടുണ്ട്. പരാതികളിൽ വീണ്ടും കാലതാമസം വരുത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. യു.പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി. , തോമസ് കെ.തോമസ് എം.എൽ.എ. എന്നിവർ മുഖ്യാതിഥിയായി. കായംകുളം നഗരസഭാ ചെയർമാൻ പി.ശശികല, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രുഗ്മിണി രാജു, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അംബുജാക്ഷി ടീച്ചർ, എ.ഡി.എം എസ്.സന്തോഷ്കുമാർ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ റ്റി.എസ്.താഹ, ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ എ ശോഭ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോൺ തോമസ്, കെ.ജി.സന്തോഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എബി മാത്യു, എസ്.പവനനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.

date