Skip to main content
അപൂർവ രോഗബാധിതനായ രാഹുലിന് ചികിത്സാ സഹായം; മന്ത്രിയുടെ ഉറപ്പില്‍ സന്തോഷത്തോടെ മടക്കം

അപൂർവ രോഗബാധിതനായ രാഹുലിന് ചികിത്സാ സഹായം; മന്ത്രിയുടെ ഉറപ്പില്‍ സന്തോഷത്തോടെ മടക്കം

 അപൂർവ രോഗബാധിതനായ മകന്റെ മരുന്നിനും ചികിത്സക്കുമായി സഹായം തേടിയെത്തിയ അമ്മയുടെ കണ്ണീരൊപ്പി കരുതലും കൈത്താങ്ങും അദാലത്ത്.

ഹരിപ്പാട് നഗരസഭയിൽ താമസിക്കുന്ന ഗീതാ കുമാരിയാണ് അപൂർവരോഗമായ വിൽ‌സൺ ഡിസീസ്‌ ബാധിതനായ  മകൻ രാഹുൽ കിരണുമൊത്ത് അദാലത്ത് വേദിയിൽ എത്തിയത്.  ഏഴു വയസ്സുമുതൽ രോഗബാധിതനായ മകന്റെ ജീവൻ നിലനിർത്തുന്നതിനായി  മാസം 25000 ത്തോളം രൂപ വില വരുന്ന മരുന്ന് വേണം. പ്രവാസിയായിരുന്ന  ഭർത്താവ് ഹൃദ്രോഗം പിടിപെട്ടപ്പോൾ ജോലി ഉപേക്ഷിച്ചു നാട്ടിൽ വന്നു. 

ഇളയ മകന്റെ തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. കുറച്ചുനാൾ മുൻപ് വരെ വിദേശത്തുനിന്ന് ചാരിറ്റി സ്ഥാപനങ്ങൾ വഴി മരുന്ന് ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ ആ സഹായവും മുടങ്ങി. എല്ലാമാസവും മുടങ്ങാതെ മരുന്ന് വാങ്ങുവാൻ കഴിയാതെ വന്നപ്പോഴാണ് കുടുംബം  സർക്കാർ സഹായം തേടി അദാലത്തിലേക്ക്  എത്തിയത്.

ഗീതാ കുമാരിയുടെയും മകന്റെയും അവസ്ഥ നേരിട്ട് മനസ്സിലാക്കിയ മന്ത്രി പി. പ്രസാദ്  സാമൂഹ്യനീതി വകുപ്പിന്റെ പരിരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി  രണ്ട് ലക്ഷം രൂപയുടെ ധനസഹായം അനുവദിക്കുവാൻ ജില്ല കളക്ടർക്ക് നിർദ്ദേശം നൽകി. കൃത്യമായ ഇടവേളകളിൽ മരുന്ന് സൗജന്യമായി എത്തിച്ചു നൽകാനുള്ള നടപടികളെടുക്കാൻ ജില്ല മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശവും  നൽകി.
മകന്റെ അവസ്ഥ അനുഭാവപൂർവം മനസ്സിലാക്കി സഹായം അനുവദിച്ച മന്ത്രിക്ക് നിറകണ്ണുകളോടെ നന്ദി അറിയിച്ചാണ് ഗീതാ കുമാരിയും മകനും  വേദി വിട്ടത്.

date