Skip to main content
ഭാസ്കരനും മോഹിനിക്കും ആശ്വാസം:  അപേക്ഷയിൽ ഉടൻ നടപടിയെന്ന് മന്ത്രി പി. പ്രസാദ്

ഭാസ്കരനും മോഹിനിക്കും ആശ്വാസം:  അപേക്ഷയിൽ ഉടൻ നടപടിയെന്ന് മന്ത്രി പി. പ്രസാദ്

പന്ത്രണ്ട് വർഷത്തിനിടെ എഴുതി തീർത്ത അപേക്ഷകൾക്കും  കയറിയിറങ്ങിയ ഓഫീസുകൾക്കും  കണക്കില്ല.. കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ പരാതി അറിയിച്ച മുതിർന്ന പൗരൻമാരായ ദമ്പതികളുടെ അപേക്ഷയിൽ ഉടൻ പരിഹാരം കാണണമെന്ന്  നിർദ്ദേശം നൽകി മന്ത്രി പി. പ്രസാദ്.

തലമുറ കൈമാറിക്കിട്ടിയ കുടുംബ വസ്തുവിനും അവിടെ സമ്പാദ്യം മുഴുവൻ മുടക്കി പണിത വീടിനും രേഖകൾ ഇല്ലാതായതോടെ ജീവിതം വഴിമുട്ടി നിന്ന ചെറുതന സ്വദേശികളായ ചുക്രത്തിൽ കിഴക്കതിൽ വീട്ടിൽ ഭാസ്കരനും ഭാര്യ മോഹിനിയുമാണ് അവസാനശ്രമമായി കാർത്തികപ്പള്ളി താലൂക്ക്തല അദാലത്ത് വേദിയിലേക്ക് എത്തിയത്.  കുടുംബ ഓഹരിയായി കിട്ടിയ ഭൂമിയിൽ  സർക്കാർ ധനസഹായത്തോടെ വീട് നിർമ്മിച്ച ഇവർക്ക്  2008 ന് ശേഷം  കരം അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. സ്ഥലം  സഹോദരനും അയൽവാസിയുമായ വ്യക്തിയുടെ പേരിൽ പോക്കുവരവ് ചെയ്ത് പോയി എന്ന അറിയിപ്പാണ് വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ചത്. അന്നുമുതൽ എല്ലാ രേഖകളുമായി ഓഫീസുകൾ കയറി ഇറങ്ങാൻ തുടങ്ങിയതാണ് ഭാസ്കരൻ. 

കരം അടച്ച രസീത് ഹാജരാക്കാൻ കഴിയാത്തതിനാൽ വീടിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി മീറ്റർ ബോർഡ് വീട്ടിലേക്ക് മാറ്റാൻ കഴിയുന്നില്ല. കുടിവെള്ള കണക്ഷൻ,  വീടിന്റെ അറ്റകുറ്റ പണി അടക്കമുള്ള സർക്കാർ ധനസഹായത്തിന് ഒന്നിനും അപേക്ഷിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. 

പരാതി വിശദമായി കേട്ട മന്ത്രി ഇനിയൊരു അപേക്ഷ ഈ വിഷയത്തിൽ നൽകേണ്ടതില്ലെന്നും അദാലത്തിൽ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ  ഉടൻ ഹിയറിങ് നടത്തി പരിഹാരം കാണണമെന്നും   ചെങ്ങന്നൂർ ആർ.ഡി.ഒയ്ക്ക്  നിർദ്ദേശം നൽകി.

date