Skip to main content

ഡെങ്കിപ്പനി: പ്രതിരോധം പരമപ്രധാനം

 ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ്, ജില്ല അധികൃതർ അറിയിച്ചു. കഴിഞ്ഞമാസം മാത്രം ജില്ലയിൽ 22 ഡെങ്കി കേസുകളാണ് സ്ഥിരീകരിച്ചത്.  ഇതുമൂലം ഒരു മരണവും കഴിഞ്ഞ മാസം ജില്ലയിൽ റിപ്പോർട്ട് ചെയ്തു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഡെങ്കി കേസുകൾ പത്തിൽ താഴെ മാത്രമായിരുന്നു. ഈ മാസം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിൽ ഉറവിടനശീകരണത്തിനുള്ള പ്രാധാന്യവും കൃത്യസമയത്ത് ചികിത്സ തേടുന്നതിന്റെ പ്രാധാന്യവും എല്ലാവരും തിരിച്ചറിയണം.
ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന ഈഡിസ് കൊതുകുകൾ ആണ് ഡെങ്കിപ്പനി പരത്തുന്നത്. വീടിനകത്തും പുറത്തും കൊതുകുകൾ മുട്ടയിട്ട് പെരുകാൻ ഉള്ള സാഹചര്യങ്ങൾ നിരവധിയാണ്. ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉറവിട നശീകരണം ആണ്. ഉറവിട നശീകരണം ഓരോരുത്തരും ഉത്തരവാദിത്വത്തോടെ നടത്തുന്നതിലൂടെ ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ കഴിയും.
വീടിന് പുറത്തുള്ള ഉപയോഗശൂന്യമായി കിടക്കുന്ന പൊട്ടിയ പാത്രങ്ങൾ ചിരട്ട മുട്ടത്തോട്, കരിക്കിൻതൊണ്ട്, ടയർ ഇവയൊക്കെ വെള്ളം കെട്ടിക്കിടക്കാൻ ഇടയുള്ള സാഹചര്യങ്ങളാണ്. കെട്ടിടങ്ങളുടെ ടെറസ്, സൺ ഷെയ്ഡ് എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുകയാണ് കൊതുക് പെരുകുന്നത് തടയാനുള്ള ഏറ്റവും മികച്ച പോംവഴി. വീടിനകത്ത് അലങ്കാര ചെടികൾ വളർത്തുന്ന കുപ്പികളിലെ വെള്ളം, ഫ്രിഡ്ജിന് പിറകിലെ ട്രേ ഇവയൊക്കെ കൊതുകിന്റെ ഉറവിടങ്ങളാണ്. നമ്മുടെ ശ്രദ്ധ എത്താത്ത ഇടങ്ങളിൽ വെള്ളം തങ്ങി നിന്ന് കൊതുകു പെരുകാ നിടയുണ്ട്. അതുകൊണ്ട് വീടിനു പുറത്തും അകത്തും കൊതുക് വളരാനിടയുള്ള എല്ലാ സാഹചര്യങ്ങളും കണ്ടെത്തി ഉറവിട നശീകരണം നടത്തുക. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. എല്ലാ വെള്ളിയാഴ്ചയും വിദ്യാലയങ്ങളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഉറവിട നശീകരണം നടത്തേണ്ടതാണ്. ഉപയോഗമില്ലാതെ കിടക്കുന്ന കെട്ടിടങ്ങൾ, ആൾതാമസം ഇല്ലാത്ത വീടുകളുടെ പരിസരം, ആക്രിക്കടകൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലെ ഉറവിട നശീകരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്നുവരുന്നു. ഉറവിട നശീകരണം നടത്തുന്നതിന്റെ പ്രാധാന്യം എല്ലാ കൂട്ടായ്മകളിലും സജീവമായി വീടുകളിലും, സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും ഊർജ്ജിത ഉറവിട നശീകരണം  നടത്തുന്നതിലൂടെ ഡെങ്കി പ്രതിരോധത്തിൽ നമുക്ക് ഓരോരുത്തർക്കും പങ്കാളിയാകാൻ കഴിയും. പൊതുജന പങ്കാളിത്തം ഉറവിട നശീകരണത്തിലും രോഗപ്രതിരോധത്തിലും വളരെ പ്രധാനപ്പെട്ടതാണ്. കൊതുക് _കൂത്താടി നിയന്ത്രണം ഉറപ്പാക്കുക. പകൽ സമയത്ത് പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും  കൊതുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
 

date