ജില്ലാ വൃത്താന്തം
എല്ലാ വകുപ്പുജീവനക്കാരെയും നിയോഗിക്കണമെന്ന് ധനമന്ത്രി
ആലപ്പുഴ: എല്ലാ വകുപ്പു ജീവനക്കാരേയും വിവിധ ക്യാമ്പുകളിലേക്ക് നിയമിക്കാനും എല്ലാ പഞ്ചായത്തുകളിൽ നിന്നും ജനങ്ങളെ ക്യാമ്പുകളിൽ എത്തിക്കാൻ പഞ്ചായത്ത് അധികൃതർക്ക് ബാധ്യതയുണ്ടെന്നും ധനമന്ത്രി തുടർന്ന് ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകി. വി.കെ.എൽ.ഗ്രൂപ്പ് രക്ഷാപ്രവർത്തനത്തിനായി ഒരു ബാർജ് ജില്ല ഭരണകൂടത്തിന് നൽകി.പുളിങ്കുന്നിൽ നിന്ന് ചങ്ങനാശേരിയിലേക്ക് കൂടുതൽ ബോട്ടുവഴി ആളുകളെ ക്യാമ്പിലെത്തിക്കാനും നിർദേശിച്ചു.
പൊതുമരാമത്ത് മന്ത്രി കളക്ട്രേറ്റിൽ ജില്ല ഭരണകൂടവുമായി ചർച്ച നടത്തി
ആലപ്പുഴ: ജില്ലയിലെ പെട്രോൾ പമ്പുകളിൽ ഡീസൽ ക്ഷാമം രക്ഷാപ്രവർത്തനത്തിന് തടസമായതിനെത്തുടർന്ന് ജില്ല ഭരണകൂടം 2500 ലീറ്റർ ഡീസൽ ശേഖരിച്ച് രക്ഷാബോട്ടുകൾക്ക് നൽകി . എറണാകുളത്തെ എണ്ണക്കമ്പനി സംഭരണശാലകളിൽ വെള്ളം കയറിയതിനാൽ എണ്ണ എത്തിക്കുന്നതിന് തടസ്സം നേരിടുകയായിരുന്നു. ചെങ്ങന്നൂരും കുട്ടനാട്ടും വണ്ടികളും ബോട്ടുകളും നിയന്ത്രിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കാൻ മന്ത്രി സുധാകരൻ ജില്ല കളക്ടർക്ക് നിർദേശം നൽകി .ജില്ലയിലെ പെട്രോൾ ബങ്കുകൾ 10000 ലീറ്റർ ഡീസൽ കരുതലായി സൂക്ഷിക്കാൻ ജില്ല കളക്ടർ നിർദേശിച്ചു
അവധി ദിവസങ്ങളിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും
ആലപ്പുഴ: ജില്ലയിലെ എല്ലാ റേഷൻ കടകളും ഓണം, ബക്രീദ്, കാലവർഷക്കൊടുതി എന്നിവ പ്രമാണിച്ച് ഓഗസ്റ്റ് 19, 24 എന്നീ അവധി ദിനങ്ങളിലും തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു
കായിക അവാർഡ് വിതരണ ചടങ്ങ് മാറ്റി
ആലപ്പുഴ: കാലവർഷക്കെടുതിയെത്തുടർന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് നാളെ (ഓഗസ്റ്റ് 19) നടത്താനിരുന്ന വിദ്യാഭ്യാസ/കായിക അവാർഡ് വിതരണ ചടങ്ങ് മാറ്റിയതായി റീജിണൽ എക്‌സിക്യൂട്ടീവ് അറിയിച്ചു.
വാഹനം വാടകയ്ക്ക്
ആലപ്പുഴ: കായംകുളം കയർ പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തിലെ ഓദ്യോഗിക ആവശ്യത്തിലേക്ക് 2018-19 സാമ്പത്തിക വർഷത്തിൽ കാർ (അഞ്ച് സീറ്റ്) വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. മികച്ച പ്രവർത്തന ക്ഷമതയുള്ളതും കാലപ്പഴക്കം മൂന്നു വർഷത്തിൽ കുറയാത്തതുമായിരിക്കണം.ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചു വരെ ക്വട്ടേഷൻ സ്വീകരിക്കും. 30ന് തുറക്കും. ഫോൺ 0479-2442469.
- Log in to post comments