രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി; പോളിംഗ് ഉദ്യോഗസ്ഥരെ നിശ്ചയിച്ചു
ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ നിയമസഭ മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനുള്ള റാന്‍ഡമൈസേഷന്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ആലപ്പുഴ മണ്ഡലം പൊതു നിരീക്ഷകന്‍ പ്രജേഷ് കുമാര്‍ റാണ , മാവേലിക്കര മണ്ഡലം പൊതു നിരീക്ഷകന്‍ നാരായണ സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് റാന്‍ഡമൈസേഷന്‍ നടന്നത്.
പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍, സെക്കന്‍ഡ് പോളിംഗ് ഓഫീസര്‍, തേര്‍ഡ് പോളിംഗ് ഓഫീസര്‍ എന്നിങ്ങനെ ഒന്‍പത് നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള പോളിംഗ് ഉദ്യോഗസ്ഥരെ നിശ്ചയിച്ച് ഉത്തരവായി. ജില്ലയില്‍ ആകെയുള്ള 1,706 ബൂത്തുകളിലായി 4,102 പോളിംഗ് ഉദ്യോഗസ്ഥരാണുള്ളത്. 2,051 വീതം പ്രിസൈഡിങ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരുമുണ്ട്. 20 ശതമാനം ഉദ്യോഗസ്ഥരെ റിസര്‍വ് ആക്കി നിയോഗിച്ചിട്ടുണ്ട്. അരൂര്‍ 220, ചേര്‍ത്തല 243, ആലപ്പുഴ 252, അമ്പലപ്പുഴ 227, കുട്ടനാട് 207, ഹരിപ്പാട് 219, കായംകുളം 222, മാവേലിക്കര 230, ചെങ്ങന്നൂര്‍ 231 വീതമാണ് മണ്ഡല അടിസ്ഥാനത്തിലുള്ള പ്രിസൈഡിങ് ഓഫീസര്‍മാരുടെയും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരുടെയും എണ്ണം.
റാന്‍ഡമൈസേഷന്‍ പ്രക്രിയയില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജി.എസ്. രാധേഷ്, സീനിയര്‍ സൂപ്രണ്ട് എസ്. അന്‍വര്‍, ഐ.ടി. മിഷന്‍ ജില്ല പ്രോജക്ട് മാനേജര്‍ വിഷ്ണു കെ. മോഹന്‍,ഡിസ്ട്രിക്ട് ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫീസര്‍ കെ.കെ. മോഹന്‍, തിരഞ്ഞെടുപ്പ് ജൂനിയര്‍ സൂപ്രണ്ട് ടി.എ. ഗ്ലാഡ്വിന്‍ തുടങ്ങിയവര്‍പങ്കെടുത്തു.
- Log in to post comments