Skip to main content
പത്രസമ്മേളനത്തില്‍

*ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024* *വയനാട് ലോക്‌സഭാ മണ്ഡലം* 14,64,472 സമ്മതിദായകര്‍

 

വീണ്ടുമൊരു ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം ഒരുങ്ങുകയാണ്. കരുത്തുറ്റ ജനാധിപത്യ രാജ്യത്തിന്റെ നിര്‍മ്മിതിക്കായി രാജ്യം ഒരുങ്ങുന്ന വേളയില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുകയാണ്. കല്‍പ്പറ്റ ഹോളിഡെയ്‌സ് ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്‌. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി നിയമസഭാമണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലവും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജക മണ്ഡലങ്ങളും ചേര്‍ന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. ഭൂമിശാസ്ത്രപരമായി ഒട്ടേറെ പ്രത്യേകതകള്‍ നിലനില്‍ക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ആദിവാസികള്‍, വയോജനങ്ങള്‍, വനഗ്രാമങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിന് പോളിങ്ങ് ബൂത്തുകളും സജ്ജമാകും. തെരഞ്ഞെടുപ്പ് ജോലിക്കായുള്ള ജിവനക്കാരുടെ വിന്യാസം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിങ്ങനെ കാര്യക്ഷമമായ തെരഞ്ഞെടുപ്പ് നിര്‍വ്വഹണത്തിന് വയനാടും വിപുലമായ സന്നാഹങ്ങളുമായി മുന്നോട്ടുപോവുകയാണ്. പൊതുജനങ്ങളില്‍ സമ്മതിദാനാവകാശം നിര്‍വ്വഹിക്കുന്നതിനുള്ള ബോധവത്കരണത്തിന് സ്വീറ്റി എന്ന മാസ്‌ക്കോട്ടും വയനാടിന്റെ പ്രത്യേകതയായി. സ്വീപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ നടന്നു.വയനാട് ലോക്സഭ മണ്ഡലത്തില്‍ 14,64,472 സമ്മതിദായകരാണുള്ളത്. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 311274 പുരുഷ വോട്ടര്‍മാരും 324651 സ്ത്രീ വോട്ടര്‍മാരും അഞ്ച് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 635930 പേരാണ് ഇത്തവണ അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായുള്ള മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലങ്ങളായ വണ്ടൂര്‍-232839, നിലമ്പൂര്‍-226008, ഏറനാട് -184363 വോട്ടര്‍മാരും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലെ -183283 വോട്ടര്‍മാര്‍ ഉള്‍പ്പെടെയാണ് വയനാട് ലോക് സഭാ മണ്ഡലത്തില്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ 14,64,472 വോട്ടര്‍മാരുള്ളത്. ജില്ലയില്‍ 32644 പുതിയ വോട്ടര്‍മാരാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. വയനാട് ലോക്സഭ മണ്ഡലത്തില്‍ 15224 ഭിന്നശേഷി വോട്ടര്‍മാരാണുള്ളത്. അതില്‍ 8496 പുരുഷമാരും 6728 സ്ത്രീകളുമാണുള്ളത്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 6102 ഭിന്നശേഷി വോട്ടര്‍മാരുണ്ട്. 9970 പേരാണ് വയനാട് ലോക്സഭ മണ്ഡലത്തില്‍ 85 വയസ്സിനുമുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍. ജില്ലയില്‍ 100 വയസിന് മുകളില്‍ 49 പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ജില്ലയില്‍ 18 നും 19 നും വയസ്സിനിടയില്‍ 8878 വോട്ടര്‍മാരുണ്ട്. 4518 പുരുഷന്‍മാരും 4360 സ്ത്രീകളും ഉള്‍പ്പെടും. 2049 സര്‍വ്വീസ് വോട്ടര്‍മാരും വയനാട് മണ്ഡലത്തിലുണ്ട്.  പത്രസമ്മേളനത്തില്‍  എ.ഡി.എം.കെ.ദേവകി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം.മെഹ്‌റലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ്ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍ എന്നിവര്‍  പങ്കെടുത്തു.   

*നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വോട്ടര്‍മാര്‍*

നിയോജകമണ്ഡലം- പുരുഷന്‍ -വനിത- ആകെ വോട്ടര്‍മാര്‍

മാനന്തവാടി                        -  99446- 101937 -201383

സുല്‍ത്താന്‍ബത്തേരി   -  110039- 115596-  225635

കല്‍പ്പറ്റ                               -101789 (ടി.ജി.5)- 107118-  208912

നിലമ്പൂര്‍                            -110578 (ടി.ജി.6) -115424-  226008

വണ്ടൂര്‍                                -114822 -118017 -232839

ഏറനാട്                               - 93590 -90773-   184363

തിരുവമ്പാടി                      - 90790 (ടി.ജി 4)- 92489 - 183283

സര്‍വ്വീസ് വോട്ടര്‍മാര്‍        - 2049

ആകെ                                    - 721054 -741354-   14,64,472  

 

date