Skip to main content

സാമൂഹ്യനീതി സെല്‍ അംഗങ്ങള്‍ക്കുളള യൂണിഫോം വിതരണം ചെയ്തു

സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമപദ്ധതികള്‍ കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലേയും തിരഞ്ഞെടുക്കപ്പെട്ട കലാലയങ്ങളിലെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സാമൂഹ്യനീതി സെല്ലിലെ അംഗങ്ങള്‍ക്കുളള യൂണിഫോം വിതരണം ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ നിര്‍വ്വഹിച്ചു. വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജന്‍ഡര്‍, മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍, ആശ്രിതര്‍ എന്നിവര്‍ക്കായി വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കുകയാണ് സാമൂഹ്യനീതി സെല്ലിന്റെ ലക്ഷ്യം. 
സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ സേവനം ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിന് സാമൂഹ്യനീതി സെല്ലിലെ വിദ്യാര്‍ഥികളുടെ പിന്തുണ ലഭിക്കും. ജില്ലയിലെ വയോജന മന്ദിരങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള  സംരക്ഷണ സ്ഥാപനങ്ങള്‍, ലഹരി വിമോചന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലുള്ള സന്ദര്‍ശനങ്ങളിലും അവര്‍ക്കായുള്ള വിവിധ സേവനങ്ങളിലും സാമൂഹ്യനീതി സെല്ലിലെ  വിദ്യാര്‍ഥികള്‍ പങ്കാളികളാകും. ഒറ്റപ്പെടല്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം പകരുന്നതോടൊപ്പം ഒഴിവുസമയങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി സാമൂഹ്യപ്രതിബദ്ധതയുളള യുവാക്കളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സാമൂഹ്യനീതി സെല്‍ രൂപീകരിച്ചിട്ടുളളത്. 
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 കോളേജുകളിലെ വിദ്യാര്‍ഥികളെ ഉപ്പെടുത്തിയാണ് സെല്‍ രൂപീകരിച്ചിട്ടുളളത്. പൊലീസ്, ആരോഗ്യവകുപ്പ്, എക്‌സൈസ് വകുപ്പ് തുടങ്ങിവയുടെ പങ്കാളിത്തത്തോടെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം ലഭ്യമാക്കും. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാതല കമ്മിറ്റി സാമൂഹ്യനീതി സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കും. 
ചടങ്ങില്‍ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അബീന്‍ എ ഒ, വിവിധ കോളേജുകളിലെ സാമൂഹ്യനീതി സെല്ലിലെ കോഡിനേറ്റര്‍മാരായ അധ്യാപകര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സാമൂഹ്യനീതി സെല്ലിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 28  ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കും.

date