ഒരു വീട്ടിൽ നിന്ന് ഒരു പുസ്തകം: ഹരിപ്പാട് ബ്ലോക്ക് തല സംഘാടകസമിതിയായി
ആലപ്പുഴ: ജില്ലയിൽ പ്രളയം ബാധിച്ച ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ സമാഹരിച്ചു നൽകുന്നതിനായി ഗാന്ധി ജയന്തി വരാഘോഷ ജില്ലാ തല സമിതിയും ജില്ലാ പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന 'ഒരു വീട്ടിൽ നിന്ന് ഒരു പുസ്തകം' ജില്ലാതല പദ്ധതിയുടെ ഭാഗമായി ഹരിപ്പാട് ബ്ലോക്ക് തല സംഘാടകസമിതി രൂപീകരിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി അധ്യക്ഷത വഹിച്ചു. ഒക്ടോബർ 25ന് ബ്ലോക്കിനു കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിൽ നിന്നും പരമാവധി പുസ്തകങ്ങൾ ശേഖരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ രക്ഷാധികാരിയായ ജില്ലാതല സംഘാടക സമിതിക്ക് നൽകാനും യോഗം തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി ഒക്ടോബർ 15ന് ഗ്രാമപഞ്ചായത്തുകളിലെ വാർഡ് തലങ്ങളിൽ യോഗം ചേരും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവരും ഓരോ പുസ്തകം വീതം ഈ പദ്ധതിയിലേക്ക് നൽകും. ഹരിപ്പാട് നിയോജക മണ്ഡലം എം.എൽ.എയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയിൽ നിന്നും പുസ്തകം സ്വീകരിച്ച് ബ്ലോക്ക് തലത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കമിടുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ കെ.എസ്. സുമേഷ് പദ്ധതി വിശദീകരിച്ചു.ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി ചെയർമാൻ ആയും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എസ്. സുരേഷ്‌കുമാറിനെ കൺവീനർ ആയും യോഗം തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോൺ തോമസ്, രമ്യാ രമണൻ, ബബിതാ ജയൻ, ബ്ലോക്കിനു കീഴിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, എ.ഇ.ഒ. ഷാജി കെ.വി., ഗ്രന്ഥശാല സമിതി പ്രസിഡന്റ് ജി. സന്തോഷ്‌കുമാർ, സെക്രട്ടറി സി.എൻ.എൻ. നമ്പി, സി.ഡി.എസ്. ചെയർപേഴ്‌സൺമാർ, എന്നിവർ അംഗങ്ങളായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്‌നകുമാരി, രാജേഷ് എം.എൽ.എ.യുടെ പ്രതിനിധി സഞ്ജയ് നാഥ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
- Log in to post comments