വടക്കനാട് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍* *കേന്ദ്ര സംഘം സന്ദര്‍ശിച്ചു*
ആരോഗ്യ സംരക്ഷണത്തിന് ഉദാത്തമാതൃകയുമായി വടക്കനാട് ആരോഗ്യ മന്ദിര്‍ ദേശീയ ശ്രദ്ധയിലേക്ക്. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വടക്കനാട് ആയുഷ്മാന്‍ ആരോഗ്യ മന്ദിരത്തില്‍ ഗുണനിലവാര പരിശോധനയുടെ ഭാഗമായി കേന്ദ്ര സംഘമെത്തി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച തമിഴ്നാട്ടില്‍ നിന്നുള്ള ഡോ. ആര് വെങ്കിടേഷ്, കര്‍ണാടകയിലെ ഡോ. മൃണാളിനി യാദവ് എന്നിവരാണ് ഇവിടെയെത്തി സൗകര്യങ്ങള്‍ വിലയിരുത്തിയത്.
വയോജനങ്ങളുടെയും പാലിയേറ്റീവ് രോഗികളുടെയും പരിചരണം, ഡ്രഗ്സ് ആന്റ് ഡയഗ്നോസ്റ്റിക്സ്, പ്രഗ്നന്‍സി ആന്റ് ചൈല്‍ഡ് ബര്‍ത്ത് കെയര്‍, നിയോനാറ്റല്‍ ആന്റ് ഇന്‍ഫന്റ് ഹെല്‍ത്ത് സര്‍വീസസ്, ചൈല്‍ഡ്ഹുഡ് ആന്റ് അഡോളസന്റ് ഹെല്‍ത്ത് സര്‍വീസസ്, കുടുംബാസൂത്രണം, പകര്‍ച്ചവ്യാധി പ്രതിരോധം, പകര്‍ച്ചേതര വ്യാധി പ്രതിരോധ പ്രവര്‍ത്തനം എന്നിങ്ങനെ എട്ടു പാക്കേജുകളിലായിരുന്നു പരിശോധന. ചെക്ക് ലിസ്റ്റ് അനുസരിച്ച് കേന്ദ്രത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയ സംഘം ജീവനക്കാര്‍, രോഗികള്‍, ഹാംലറ്റ് ആശമാര്‍ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി. ശനിയാഴ്ച നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. എച്ച്ഡബ്ല്യുസി പരിധിയിലെ വാര്‍ഡ് അംഗങ്ങളായ അഖില എബി, ജയചന്ദ്രന്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ജില്ലാ ക്വാളിറ്റി നോഡല്‍ ഓഫിസര്‍ ഡോ. ദാഹര്‍ മുഹമ്മദ്, ഡോ. ദിവ്യ എം നായര്‍, 'ജാസ്' കമ്മിറ്റി അംഗങ്ങള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.യു ഷാജഹാന്, പിഎച്ച്എന്‍ കെ.എ ഉഷ, ജെഎച്ച്ഐ എ.വി സനില്‍, ജെപിഎച്ച്എന്‍ അനീറ്റ പോള്‍, അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍മാരായ അഖില വിനോദന്‍, സി.വി സൗമ്യ, എംഎല്‍എസ്പി ലിജിമോള്‍ ജോസഫ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പുകള്‍, ഗര്‍ഭിണികള്‍ക്കുള്ള ലാബ് പരിശോധന, മരുന്നുകള്‍, മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള കാത്സ്യം ഐഎഫ്എ ഗുളികകളുടെ വിതരണം, നവജാത ശിശുക്കളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലന സേവനങ്ങള്‍, വിഷയാധിഷ്ഠിത ആരോഗ്യ ക്ലാസുകളും കൗണ്‍സലിങും, സാംക്രമിക രോഗങ്ങളുടെ സ്ക്രീനിങും നിയന്ത്രണ മാര്‍ഗ്ഗങ്ങളും, ദേശീയ ആരോഗ്യ പരിപാടികളും പകര്‍ച്ചവ്യാധി നിയന്ത്രണവും, മാനസികാരോഗ്യ സ്ക്രീനിങും കൈകാര്യവും, സ്ത്രീകള്‍, കുട്ടികള്‍, കൗമാരക്കാര്‍, വയോജനങ്ങള്‍ എന്നിവരുടെ ക്ലിനിക്കുകള്‍, ചെറിയ രോഗങ്ങള്‍ക്കുള്ള ഔട്ട്പേഷ്യന്റ് സേവനങ്ങള്‍, കുടുംബാസൂത്രണ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന ലബോറട്ടറി പരിശോധനകള്‍, രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം സേവനങ്ങള്‍, കണ്ണ് പരിശോധനാ ക്യാമ്പ്, പല്ല് പരിശോധന, കോപ്പര്‍ ടി ചെക്കപ്പ്, വയോജന- പാലിയേറ്റീവ് സേവനങ്ങള്‍, ഇ-സഞ്ജീവനി സേവനങ്ങള്‍, മുന്‍ഗണനാ ഗൃഹസന്ദര്‍ശനം, വെള്ളം പരിശോധന തുടങ്ങിയ സേവനങ്ങളാണ് വടക്കനാട് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ പൊതുജനങ്ങള്‍ക്കു നല്‍കുന്നത്. സ്ത്രീകള്‍, കുട്ടികള്‍, കൗമാരക്കാര്‍ എന്നിവര്‍ക്കുള്ള ക്ലിനിക്ക് ചൊവ്വാഴ്ചകളിലും ജീവിതശൈലി, വയോജന ക്ലിനിക്ക് എന്നിവ വ്യാഴാഴ്ചകളിലും പ്രവര്‍ത്തിക്കുന്നു. ഹീമോഗ്ലോബിന്‍, ബ്ലഡ് ഷുഗര്‍, രക്തസമ്മര്‍ദ്ദം, ടി.ബി കഫം പരിശോധന (സാംപിള്‍ ശേഖരണം), മലേറിയ, ഡെങ്കി, മന്ത് രോഗം, ഹെപ്പറ്റൈറ്റിസ് ബി എന്നീ ലാബ് പരിശോധനകളും ഇവിടെയുണ്ട്. ആരോഗ്യകരമായ ഭക്ഷണം, ഇന്‍ഹേലറുകളുടെ ശരിയായ ഉപയോഗം, കൗമാര ആരോഗ്യം, ഗര്‍ഭകാല പരിചരണം, മുലയൂട്ടലും ശിശു ആഹാരങ്ങളും പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവയാണ് കേന്ദ്രത്തിലെ വിഷയാധിഷ്ഠിത ക്ലിനിക്കുകള്‍.
1989ല്‍ സബ് സെന്ററായാണ് വടക്കനാട് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ പ്രവര്‍ത്തനമാരംഭിച്ചത്. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ കേന്ദ്രത്തിന്റെ പരിധിയിലുണ്ട്. 4568 ആണ് ആകെ ജനസംഖ്യ. ഇതില്‍ 2055 പേര് ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഏഴ് അങ്കണ്‍വാടികളും സ്കൂളും മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 50 കോളനികളിലായി 618 ആദിവാസി വീടുകള്‍ ഇവിടെയുണ്ട്. ജെപിഎച്ച്എന്‍, ജെഎച്ച്ഐ, എംഎല്‍എസ്പി, മൂന്നു ജനറല്‍ ആശമാര്‍, ഒമ്പത് ഹാംലറ്റ് ആശമാര്‍ എന്നിവരാണ് വടക്കനാട് എച്ച്ഡബ്ല്യുസിയില് പൊതുജന സേവനത്തിലേര്പ്പെട്ടിരിക്കുന്നത്.
- Log in to post comments