രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മത്സ്യതൊഴിലാളിക്ക് സഹായ ഹസ്തവുമായി ജില്ലാ കളക്ടർ
ധനസഹായം ഉൾപ്പടെ കളക്ടർ വാഗ്ദാനം ചെയ്തു
വീട് വയ്ക്കാൻ നാല് ലക്ഷം രൂപ നൽകും
ആറാട്ടുപുഴ: ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മത്സ്യ തൊഴിലാളിയെ ജില്ലാ കളക്ടർ എസ്. സുഹാസ് ചൊവ്വാഴ്ച സന്ദർശിച്ചു. ഓഗസ്റ്റ് 16ന് ചെങ്ങന്നൂർ പാണ്ടനാട് പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ പരിക്കേറ്റ ആറാട്ടുപുഴ കള്ളിക്കാട് മുണ്ടുചിറയിൽ രത്നകുമാറിന്റെ വീട്ടിലാണ് കളക്ടർ സന്ദർശനം നടത്തിയത്.
ഭവന നിർമ്മാണം പൂർത്തിയാക്കുന്നതിനായി നാല് ലക്ഷം രൂപയുടെ ധനസഹായം കളക്ടർ ഉറപ്പ് നൽകി. ഇതോടൊപ്പം അടിയന്തിരമായി ഒരു ലക്ഷം രൂപയും ഇവർക്കു നൽകും. ജില്ലാ കളക്ടറുടെ സ്വകാര്യ സുഹൃത്ത്‌വലയത്തിൽ നിന്നാണ് ഈ തുക കണ്ടെത്തി നൽകുന്നത്. ഇതോടൊപ്പം രത്നകുമാറിന്റെ ഭാര്യക്ക് മത്സ്യഫെഡ്ഡിൽ ജോലി ലഭിക്കുന്നതിനു വേണ്ട എല്ലാ സഹായങ്ങളും കളക്ടർ വാഗ്ദാനം ചെയ്തു. മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം ശാരി പൊടിയൻ, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തംഗങ്ങളായ സുനു ഉദയലാൽ, ശ്യാം കുമാർ, കാർത്തികപ്പള്ളി തഹസിൽദാർ പ്രസന്നകുമാർ, പ്രേംജി, ആറാട്ടുപുഴ വില്ലേജ് ഓഫീസർ റ്റി. സിന്ധു എന്നിവർ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.
രക്ഷാപ്രവർത്തനത്തിനിടെ വയറിലും കാലിലുമേറ്റ ഗുരുതരമായ പരിക്കുമായി 40 ദിവസത്തോളമാണ് ആശുപത്രിയിൽ രത്‌നകുമാറിന് കഴിയേണ്ടിവന്നത്. രണ്ട് ശസ്ത്രക്രിയകളും ഇതിനയിടയിൽ നടത്തി. മൂന്നര മാസത്തോളം വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ഭാര്യ ജിഷ, മക്കളായ ആരതി, അജ്ഞലി എന്നിവരടങ്ങുന്നതാണ് രക്നകുമാറിന്റെ കുടുംബം. സ്വന്തം വീടിന്റെ നിർമ്മാണത്തിനായി ഫൗണ്ടേഷൻ പൂർത്തിയായപ്പോഴാണ് അപകടം സംഭവിച്ചത്.
(ചിത്രമുണ്ട്)
- Log in to post comments